ഔഷധഫലവൃക്ഷസസ്യങ്ങള്‍ വിതരണം ചെയ്തു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിനായി കോഴഞ്ചരി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി തൈകളടങ്ങിയ കിറ്റ് കോഴഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജിജി വര്‍ഗ്ഗീസിന് നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, മെമ്പര്‍മാരായ വാസു, സുമിത ഉദയകുമാര്‍, ബിജോ പി മാത്യൂ, ബിജിലി പി ഈശോ, ജൈവവൈവിധ്യ കമ്മറ്റി കണ്‍വീനര്‍ ജോജോ കോവൂര്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ്.അനഘ , പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
ലീഗല്‍ മെട്രോളജി അദാലത്ത്
കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റുകാരണങ്ങളാലും യഥാസമയം മുദ്രപതിപ്പിക്കുവാന്‍ ഹാജരാക്കാത്തത് മൂലം കുടിശ്ശികയായ അളവ്തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധികഫീസ്, രാജിഫീസ് എന്നിവയില്‍ ഇളവ് നല്കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തും. കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്രപതിക്കുവാന് താല്പര്യപ്പെടുന്നവര് അതാത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഏപ്രില്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. കോഴഞ്ചേരി താലൂക്ക് ഫോണ്‍-04682322853, അടൂര്‍- 04734221749, കോന്നി 04682341213,റാന്നി 04735223194, മല്ലപ്പള്ളി – 04692785064. തിരുവല്ല- 04692636525.
ഗതാഗത നിയന്ത്രണം
പൂങ്കാവ് പത്തനംതിട്ട റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (22) ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു. പൂങ്കാവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മല്ലശേരി ജംഗ്ഷന് വഴി പി.എം റോഡില്‍ കൂടിയും പത്തനംതിട്ട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ താഴൂര്‍കടവ് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴികുഞ്ഞ് വിതരണം
ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഗ്രാമശ്രീ ഇനത്തില്‍പെട്ട ഒരു ദിവസം പ്രായമുളള പൂവന് / തരം തിരിക്കാത്ത കോഴികുഞ്ഞുങ്ങളെ ബുക്കിംഗ് മുഖേന വില്‍ക്കുന്നു. ആവശ്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 04952287481.
മതം പൗരത്വത്തിന്റെ നിര്‍വചനത്തിന്റെ പ്രധാന ഘടകമായി മാറുന്നു : പ്രൊഫ. സുജ സൂസന് ജോര്‍ജ്
മതേതര രാജ്യമായ ഇന്ത്യയില്‍ മതം പൗരത്വത്തിന്റെ നിര്‍വചനത്തിന്റെ പ്രധാന ഘടകമായി മാറുകയാണെന്ന് സമം സംസ്ഥാന അധ്യക്ഷ പ്രൊഫ. സുജ സൂസന് ജോര്‍ജ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച ഭരണഘടനയും മൗലിക അവകാശങ്ങളും എന്ന വിഷയത്തില്നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുജ സൂസന് ജോര്‍ജ്. നമ്മുടെ നാളെകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ യുവജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. ഭരണഘടനയുടെ സംരക്ഷകര്‍ ഇന്ത്യയുടെ ജനങ്ങള്‍തന്നെയാണ്. ജനങ്ങള്ക്കുവേണ്ടിയുണ്ടാക്കി അവര്‍ക്കു തന്നെ നല്കിയ ഭരണഘടനയാണ് നമ്മുടേത്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഭരണഘടനയും നമ്മുടേതാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും, അന്തസും, തുല്യതയും സംരക്ഷിക്കപ്പെടുന്ന അവകാശമാണ് മൗലികാവകാശം. ഇന്ത്യന്‍ ഭരണഘടനയുടെ ആറ്റിക്കുറുക്കിയ രൂപമാണ് അതിന്റെ ആമുഖമെന്നും പ്രൊഫ. സുജ സൂസന് ജോര്‍ജ് പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും പരമാധികാരവും യുവജനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്
ഇന്ത്യയുടെ ജനാധിപത്യം, മതേതരത്വം, പരമാധികാരം എന്നിവ യുവജനങ്ങള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ആരോഗ്യ, കുടുംബക്ഷേമ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ഭരണഘടന ഉറപ്പു വരുത്തുന്നത് മതേതര, ജനാധിപത്യ രാജ്യമെന്നാണ്. എന്നാല്‍, വര്‍ത്തമാനകാല ഇന്ത്യയില്‍ ഇന്ത്യയുടെ മതേതരത്വം, സ്വാതന്ത്ര്യം എന്നിവ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ മതേതരത്വത്തേക്കുറിച്ചും, സ്വാതന്ത്ര്യത്തേക്കുറിച്ചും യുവതലമുറ ഗൗരവത്തോടെ ചിന്തിക്കേണ്ട സമയമാണ്. യഥാര്‍ത്ഥ്യത്തില്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടോ എന്ന് അന്വേഷിക്കണം. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മാധ്യമങ്ങളെപ്പോലും നിശബ്ദമാക്കപ്പെടുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് പ്രധാന മാധ്യമ സ്ഥാപനങ്ങളെയെല്ലാം കോര്പ്പററേറ്റുകള് വാങ്ങിക്കഴിഞ്ഞു. സ്വതന്ത്ര മീഡിയ എന്നത് സങ്കല്പമായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കോളജ് അങ്കണത്തില്‍ നടന്ന ഗാന്ധിയന്‍ ചിത്രപ്രദര്‍ശനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ.ടി.കെ.ജി നായര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയും മൗലിക അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സമം സംസ്ഥാന അധ്യക്ഷ പ്രൊഫ. സുജ സൂസന് ജോര്‍ജ് നയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ വീഡിയോ ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഫോക് ലോര്‍ അക്കാദമി ചെയര്‍മാനും നാടന്‍പാട്ട് ആചാര്യനുമായ സി.ജെ. കുട്ടപ്പന് നയിച്ച തായില്ലം തിരുവല്ലയുടെ നാടന്‍പാട്ടും ദൃശ്യവിരുന്നും ഉള്‍പ്പെടുത്തിയ പാട്ടുപടേനിയും ചടങ്ങില്‍ അരങ്ങേറി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം, ചരിത്ര വിഭാഗം, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്, നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ആര്. അജിത്ത് കുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ. ജി. നായര്‍,
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ. ഫിലിപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍.സോമരാജന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബി.സതികുമാരി, കാതോലിക്കേറ്റ് ചരിത്ര വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായ പി.എസ്. പ്രദീപ്, മലയാള വിഭാഗം മേധാവി പി.ടി. അനു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എസ്. സജിത് ബാബു, പൊളിറ്റിക്സ് അസി. പ്രൊഫസര്‍ വിവേക് ജേക്കബ് എബ്രഹാം, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ജോസ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മിനിമം വേതന തെളിവെടുപ്പ് യോഗം
സംസ്ഥാനത്തെ റബര്‍ ക്രേപ്പ് മില്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച് 24 നു ഉച്ചയ്ക്ക് ശേഷം 2.30ന് തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ ചേരും. ജില്ലയിലെ ഈ മേഖലകളില്‍ നിന്നുള്ള തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു
മെഗാ ജോബ് ഫെയര്‍ പത്തനംതിട്ട 2022
243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം
1007 ഉദ്യോഗാര്‍ത്ഥികള്‍ ചുരുക്ക പട്ടികയില്‍
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്, ജില്ലാ സ്കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പത്തനംതിട്ട 2022-മെഗാ തൊഴില്‍മേളയില്‍ 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും 1007 ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്പെടുകയും ചെയ്തു. എഞ്ചിനീയറിംഗ്, ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 53 കമ്പനികള്‍ സേവന ദാതാക്കളായെത്തിയ മേളയില്‍ ആകെ 1506 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. എസ് എസ് എല്‍ സി മുതല്‍ ബിരുദ ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞവരും എന്‍ എസ് ക്യു എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരുമാണ് ഉദ്യോഗാര്‍ഥികളായി തൊഴില്‍ മേളയില്‍ പങ്കെടുത്തത്.
കാതോലിക്കേറ്റ് കോളേജില്‍ നടന്ന തൊഴില്‍ മേള ആരോഗ്യ കുടുംബക്ഷേമ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍,പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. സക്കീര്‍ ഹൂസൈന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി.മാത്യു ,കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഫിലിപ്പോസ് ഉമ്മന്‍, ജില്ലാ സ്കില്‍ കമ്മിറ്റി അംഗങ്ങളായ ജില്ലാ തല ഉദ്യോഗസ്ഥര്‍, കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സ് സംസ്ഥാന ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.