വിദ്യാവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷ തൈ നട്ട് നല്ല രീതിയില്‍ പരിപാലിക്കുന്ന സ്കൂളുകള്‍ക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പാരിതോഷികം നല്‍കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടത്തിന്റേയും ഡോര്‍മറ്ററിയുടേയും എലിമുളളും പ്ലാക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും വിദ്യാവന നിര്‍മാണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ പട്ടയ വിതരണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ചെറുതും വലുതുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ കര്‍മ കുശലതയോടെ മുന്നോട്ടു പോകുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രകടമായ മാറ്റങ്ങള്‍ വനം വകുപ്പിന് ഉണ്ടാകും. ജില്ലയില്‍ 121 മാതൃക ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആണ് ഉള്ളത്. ഇനി നാല് എണ്ണത്തിന്റെ കൂടെ പണി പൂര്‍ത്തിയായാല്‍ എല്ലാ ഫോറസ്റ്റ് ഓഫീസുകള്‍ക്കും മികച്ച കെട്ടിടം ഉള്ള ജില്ലയായി പത്തനംതിട്ട മാറും. കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാന്‍ ഉള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരകരിച്ചത് തികച്ചും അപലപനീയം ആണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് എന്ത് ചെയ്യാന്‍ പറ്റും എന്ന കാര്യം പരിശോധിക്കു മെന്നും മന്ത്രി പറഞ്ഞു.
വനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാര് ആക്കണം. ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യത്തില്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാ വനങ്ങള്‍. ഒരു വിദ്യാ വനത്തിനായി രണ്ട് ലക്ഷം രൂപ ചെലവാകും. ജപ്പാനിലെ മിയാവാക്കി വനവത്കരണ രീതിയോട് സാമ്യമുള്ള അത്ര ചെലവില്ലാത്ത രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളില്‍ ജൈവവൈവിദ്ധ്യ സംരക്ഷണ ബോധം, പ്രകൃതിസംരക്ഷണം, വന നിര്‍മാണ പരിചയം എന്നിവ ഉദ്ദേശിച്ചാണ് ഫോറസ്ട്രി ക്ലബുകളിലൂടെ ഈ പദ്ധതി നടപ്പാക്കുന്നത്. റാന്നി വനം ഡിവിഷനില്‍ വടശേരിക്കര റെയ്ഞ്ചില്‍ പ്രവര്‍ത്തിച്ച് വരുന്നതാണ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്.
അഡ്വ. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി അമ്പിളി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം എ.ആര്. സ്വഭു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം പി.എന്‍. പത്മകുമാരി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ പുകഴേന്തി, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍.ടി. സാജന്, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബൈജു കൃഷ്ണന്, പെരിയാര്‍ വെസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരികൃഷ്ണന്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി സി.കെ. ഹാബി, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.