konnivartha.com : കോന്നി താലൂക്കാശുപത്രി ജംഗ്ഷനിൽ നിന്നും പുനലൂർ മൂവാറ്റുപുഴ പാതയെ ബന്ധിപ്പിക്കുന്ന ഇടറോഡ് തകർന്നിട്ടു മാസങ്ങൾ പിന്നിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാവാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.
കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ മല വെള്ള പാച്ചിലാണ് റോഡ് വലിയ തോതിൽ തകർന്നത്. റോഡിലൂടെയുള്ള ഓടയിൽ മാലിന്യങ്ങൾ അടിഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ സ്ലാബുകൾ ഇളകി റോഡിനു കുറുകെ നിങ്ങിയതും ഇവിടെ അപകട പരമ്പരയ്ക്ക് കാരണമായിട്ടുണ്ട്. 300 മീറ്റർ മാത്രം ദൂരമുള്ള ഈ പാത കോന്നി ഗ്രാമ പഞ്ചായത്ത് നിയന്ത്രണത്തിലുള്ളതാണ് .
ഓട തകർന്ന് റോഡ് വശം ഇടിഞ്ഞ് താഴ്ന്നതും ഇളകി മാറിയതും കാൽ നട, ഇരുചക്ര വാഹന യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. പ്രകൃതി ദുരന്ത നിവാരണ ഫണ്ടുകളോ, അടിയന്തര ആവശ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയോ റോഡ് നന്നാക്കാകുമെന്നിരിക്കെ ഇത്രയധികം പ്രധാനപ്പെട്ട പാത സഞ്ചാരേ യോഗ്യമാക്കാൻ ഗ്രാമ പഞ്ചായത്ത് തയാറായിട്ടില്ല.
നിലവിൽ റോഡ് നവീകരണത്തിനു പുതിയ പദ്ധതിയിൽ തുക വകയിരുത്തിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു. പി എം – ചന്ദനപ്പള്ളി കോന്നി റോഡുകൾക്ക് സമാന്തരമായാണ് ഈ ക്രോസ് റോഡ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് റോഡുകളും
നവീകരണത്തിന്റെ ഭാഗമായി ഉയർത്തി പണിയുന്നതിനാൽ ക്രോസ് റോഡ് താഴ്ന്ന കിടക്കുന്നതും മഴക്കാലത്തിൽ വെള്ളം സമീ സ്ഥാപനങ്ങളിലേക്ക് കയറുകയും ചെയ്യും . സ്വകാര്യ വ്യക്തികളുമായി ചർച്ച ചെയ്ത് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി നിർമ്മിക്കാൻ അധികൃതർ തയാറാവണമെന്ന് സ്ഥലവാസികൾ ആവശ്യപ്പെട്ടു.
ഇടിച്ചു മാറ്റുന്ന സംരക്ഷണഭിത്തികൾ പുനർനിർമ്മിച്ചു നൽകാൻ തയാറായാല്‍ ഇവിടെ റോഡിനായി സ്ഥലം നൽകാൻ ഉടമകൾ തയാറാണ് . ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിറോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തിലാണ്.
ആശുപത്രിയിൽ എത്തുന്നവർക്ക് ഉള്‍പ്പെടെ വളരെ പ്രധാനപ്പെട്ട റോഡിനോടാണ് അധികൃതരുടെ ഈ അവഗണന.എന്തിനാണ് നാട്ടുകാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ? ഗ്രാമ പഞ്ചായത്തിനു നടപടി സ്വീകരിച്ചു കൂടെ എന്നും അവര്‍ ചോദിക്കുന്നു .