Trending Now

സ്‌കൂളുകൾ 21 മുതൽ സാധാരണ നിലയിലേക്ക്‌; 1 മുതൽ 9 വരെ ക്ലാസുകൾ ബാച്ചുകളായി നാളെ ആരംഭിക്കും

 

konnivartha.com : സംസ്ഥാനത്ത്‌ ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളും തിങ്കൾ മുതൽ സ്‌കൂളുകളിൽ പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. 10, 11, 12 ക്ലാസുകൾ നിലവിലുള്ളതുപോലെ 19 വരെ തുടരും.

 

 

21 മുതൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കോവിഡ്‌കാലത്തിന്‌ മുമ്പെന്നപോലെ സാധാരണ നിലയിൽ വൈകിട്ടുവരെ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണം.

 

 

നേരത്തെ ഈ മാസം അവസാന ആഴ്‌ചമുതൽ മുഴുവൻ സമയം ക്ലാസുകൾ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും കുട്ടികൾക്ക്‌ പഠനത്തിന്‌ കൂടുതൽ സമയം ലഭ്യമാക്കാനാണ്‌ ഒരാഴ്‌ച മുമ്പേ ക്ലാസുകൾ സാധാരണ നിലയിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

പ്രീ പ്രൈമറി ക്ലാസുകളും നാളെ തുടങ്ങും

ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ
പൊതുവിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി ക്ലാസുകളും തിങ്കൾ ആരംഭിക്കും.
പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ  വെളളി വരെ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാം.

10, 12 ക്ലാസുകളിൽ 28നകം പാഠഭാഗങ്ങൾ പൂർത്തിയാക്കും

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ 28 നകം പൂർത്തീകരിക്കുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കണം. തുടർന്ന് റിവിഷൻ ആരംഭിക്കണം. സ്‌കൂളുകൾ സാധാരണ നിലയിലാക്കുന്നതിന്‌ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ മാർഗരേഖ പുതുക്കി.

എല്ലാ ശനിയാഴ്ചകളിലും സ്‌കൂൾതല എസ്ആർജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമാണ്.

 

 

എസ്‌എസ്‌എൽസി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് തിങ്കളാഴ്ച നൽകണം.

പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി പ്രിൻസിപ്പൽമാർ മുഖാന്തിരം ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക്‌ ശനിയാഴ്ചയും ണ്. ക്രോഡീകരിച്ച റിപ്പോർട്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകണം.

 

മോഡൽ പരീക്ഷകൾ 16 മുതൽ

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ 16ന് ആരംഭിക്കും.

 

ശനി പ്രവൃത്തിദിനം

ഇനി മുതൽ പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്‌ചയും സ്‌കൂളുകൾക്ക്‌ പ്രവൃത്തിദിനമായിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 

ഒമ്പതാംക്ലാസ്‌ വരെയും വാർഷിക പരീക്ഷ

ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക്‌ വാർഷിക പരീക്ഷ നടത്താനും തീരുമാനിച്ചു. പരീക്ഷാ തീയതികൾ പിന്നീട്‌ തീരുമാനിക്കും.

error: Content is protected !!