Trending Now

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു 3 പേർ മരിച്ചു

 

കൊല്ലം ആയൂരിൽ നിന്നും ഹരിപ്പാട് വിവാഹ വസ്ത്രം കൊടുക്കാൻ വേണ്ടി പോയ 7 അംഗ സംഘം സഞ്ചരിച്ച വാഹനമാണ് അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്,ഇന്ദിര (57)ശകുന്തള (52)ശ്രീജ (45) എന്നിവരാണ് മരിച്ചത്.പരിക്ക് പറ്റിയ മറ്റു നാല് പേരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

 

അടൂര്‍ ബൈപ്പാസില്‍ കനാലിലേക്ക് മറിഞ്ഞ കാര്‍ സഞ്ചരിച്ചിരുന്നത് അമിതവേഗത്തിലെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിഗ്നല്‍ തെറ്റിച്ചെത്തിയ അതിവേഗത്തില്‍ പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.ആദ്യഘട്ടത്തില്‍ ശരത്, അലന്‍, അശ്വതി, ബിന്ദു എന്നിവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. എന്നാല്‍ ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടുങ്ങിപ്പോയിരുന്നു.

 

 

ഇതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം എത്തി കാര്‍ പാലത്തിനടിയില്‍നിന്ന് വലിച്ചുനീക്കിയാണ് ഇന്ദിരയെയും ശ്രീജയെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ശകുന്തളയെ കണ്ടെത്താനായി കനാലില്‍ വീണ്ടും തിരച്ചില്‍ തുടര്‍ന്നു. ഒഴുക്കില്‍പ്പെട്ട ഇവരുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്.

 

 

വിവാഹവുമായി ബന്ധപ്പെട്ട് ഹരിപ്പാട്ടേക്ക് പുടവ കൊടുക്കല്‍ ചടങ്ങിന് പോയവരാണ് കാറിലുണ്ടായിരുന്നത്. രാവിലെ 11.30-ഓടെയാണ് ഇവര്‍ ആയൂരില്‍നിന്ന് യാത്രതിരിച്ചത്. അതേസമയം, വാഹനമോടിച്ചിരുന്ന ശരത്തില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ചികിത്സയില്‍ കഴിയുന്ന ശരത്തില്‍നിന്ന് നിലവില്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.