Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 30/01/2022

Spread the love

വിദ്യാഭ്യാസ വായ്പാ അദാലത്ത്: അപേക്ഷ സമര്‍പ്പിക്കണം

വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം.

നഗരസഭാ ബസ് സ്റ്റാൻഡിൽ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി.

ഹാജി സി മീരാസാഹിബ് സ്മാരക ബസ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ്റ്റാൻഡ് യാഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്താണ് ബസ്റ്റാൻഡ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണ ഘട്ടത്തിൽ ശരിയായ നിലയിൽ യാഡ് ഉറപ്പിക്കാതിരുന്നതിനാൽ കുണ്ടും, കുഴിയും രൂപപ്പെടുകയായിരുന്നു. വർഷങ്ങളായി വലിയ തുക ചെലവ് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. മഴക്കാലത്ത് ചെളിക്കുണ്ടാകുന്ന ബസ്റ്റാൻഡ് യാഡിൽ വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമാണ്. കുണ്ടും കുഴിയും നിറഞ്ഞ യാഡിലൂടെ ഗതാഗതം ദുസ്സഹമാണ്. കൂടാതെ സ്വകാര്യ ബസുകൾക്ക് അറ്റകുറ്റപ്പണിക്കായി വലിയ തുക ചെലവാക്കേണ്ടിയും വരുന്നു. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ബസ്റ്റാൻഡ് പുനരുദ്ധാരണത്തിനായി ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനോട് മണ്ണ് പരിശോധന നടത്തുന്നതിനായി ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാഡ് നിർമ്മാണത്തിനും ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിനുമായി കുറഞ്ഞത് 5 കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ തുക കണ്ടെത്താൻ വായ്പയ്ക്കായി സർക്കാരിനെ സമീപിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നികുതി കുടിശിക ഒടുക്കാം

വിവിധ കാരണങ്ങളാല്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് നികുതി അടയ്ക്കാന്‍ കഴിയാതെ വന്നിട്ടുള്ള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നികുതി ബാധ്യത ഒഴിവാക്കാന്‍ അവസരം. 2016 മാര്‍ച്ച് 31ന് മുന്‍പ് വാഹനം ഉപയോഗ യോഗ്യമല്ലാതെയോ, റവന്യൂ റിക്കവറിയില്‍ ഉള്‍പ്പെട്ടതോ, വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും തരത്തില്‍ നികുതി കുടിശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് അവരുടെ നികുതി ബാധ്യത 2022 മാര്‍ച്ച് 31 വരെ അടച്ചുതീര്‍ക്കാം.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ നാലുവര്‍ഷത്തെ മൊത്തം കുടിശികയുടെ 30 ശതമാനം, നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനം ഒടുക്കി ജപ്തി നടപടിയില്‍ നിന്നും മറ്റ് നിയമനടപടിയില്‍ നിന്നും ഒഴിവാകാനാകും.

സംരംഭകത്വ പ്രോത്സാഹന വെബിനാര്‍ ജനുവരി 31ന്

 

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൈണര്‍ഷിപ് ഡവലപ്മെന്റ് നടത്തുന്ന വെബിനാര്‍ ഈമാസം 31 ന് നടക്കും. വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികള്‍, സംരംഭം തുടങ്ങാന്‍ ആവശ്യമായി വരുന്ന വിവിധ ലൈസന്‍സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെബിനാറാണ് ഓണ്‍ലൈനായി നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 7012376994, 9633050143 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

പട്ടിക ജാതി വിഭാഗത്തിന് സ്വയം തൊഴില്‍ പദ്ധതി ധനസഹായം

 

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുളള സാശ്രയ സംഘങ്ങള്‍ക്കും വനിതാ സാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും, എണ്‍പതു ശതമാനമോ അതില്‍ കൂടുതലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാം.

പ്രോജക്ടുകള്‍ പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ളവയായിരിക്കണം. മുതല്‍ മുടക്കിന്റെ 25 ശതമാനം ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. സ്വാശ്രയംഘം രൂപീകരിച്ച് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സംഘങ്ങളുടെ പ്രോജക്ടുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. താല്പര്യമുള്ള സ്വാശ്രയ സംഘങ്ങള്‍ ഫെബ്രുവരി അഞ്ചിനു മുന്‍പ് പത്തനംതിട്ട ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടിക ജാതി വികസന ഓഫീസ്, മിനി സിവില്‍ സ്‌റ്റേഷന്‍, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തിലോ, 04682322712 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

error: Content is protected !!