ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വ്യവസായ രംഗത്ത് നിശബ്ദ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊര്‍ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അടൂര്‍ താലൂക്ക് പരിധിയില്‍ നടത്തിയ വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ സ്ഥലമായി കേരളം മാറി എന്നും വരും നാളുകളില്‍ പത്തനംതിട്ട ജില്ലയിലെ വ്യവസായ ഹബ് ആകാന്‍ അടൂരിന് കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. എല്‍. ജോയിക്കുട്ടി, പി. എന്‍. അനില്‍കുമാര്‍, റോണി പാണംതുണ്ടില്‍, സിറിയക് തോമസ്, ലിസിയാമ്മ ശാമുവേല്‍, സി. ജി. മിനിമോള്‍, ആര്‍. മായ, ജെ. സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ജിന്‍ഷാ ബഷീര്‍, സിറിയക് തോമസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.