konnivartha.com : പത്തനംതിട്ട ജില്ലയില്‍ 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ജില്ലയിലെ വിവധ സര്‍ക്കാര്‍ ആശുപത്രികളിലായി 1920 കുട്ടികള്‍ക്കാണ് തിങ്കളാഴ്ച(ജനുവരി3) വാക്‌സിന്‍ നല്‍കിയത്.
ജില്ലയില്‍ ആകെ 48854 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വാക്‌സിനേഷനു വേണ്ടി 17,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റര്‍ ചെയ്യാം.
ഇതിനായി ആധാറോ, സ്‌കൂള്‍ ഐഡിയോ കൈയില്‍ കരുതണം. കുട്ടികളുടെ കൂടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണമെന്നും ഡിഎംഒ അറിയിച്ചു.