കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജനുവരി മൂന്നു മുതലാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്. 2007ലോ അതിനു മുന്‍പോ ജനിച്ച 15 വയസ് പൂര്‍ത്തിയായവരെയാണ് പരിഗണിക്കുന്നത്.
ജില്ലയില്‍ ഈ വിഭാഗത്തില്‍ 48,854 കുട്ടികളാണുള്ളത്. ഇവര്‍ക്ക് ജില്ലയിലെ 63 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കോവാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറും പ്രത്യേക ക്യുവും ക്രമീകരിക്കും. രജിസ്‌ട്രേഷന്‍ സമയത്ത് ആധാറോ, സ്‌കൂള്‍ ഐഡിയോ ഹാജരാക്കണം.
ആഴ്ചയില്‍ നാലു ദിവസമാണ് (തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി) കുട്ടികള്‍ക്ക് വാക്‌സിനേഷനുള്ള സൗകര്യമുള്ളത്. രക്ഷിതാക്കളോടൊപ്പം വേണം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താന്‍. ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയോ, മറ്റ് രോഗങ്ങളോ ഉള്ളവര്‍ ജില്ലയിലെ മേജര്‍ ആശുപത്രികളിലെത്തി വാക്‌സിന്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് ആദ്യ ഡോസ് എടുക്കാത്തവരും, രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.