ശരണംവിളികളുയര്‍ന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തി. പമ്പയില്‍നിന്നും പെട്ടിയിലാക്കി അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ ചുമന്ന് എത്തിച്ച തങ്ക അങ്കി ക്ഷേത്രസന്നിധിയില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും കണ്ഠര് മഹേഷ് മോഹനരും ഏറ്റുവാങ്ങി. തുടര്‍ന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയും നടന്നു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, സെക്രട്ടറി എസ്. ഗായത്രി ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നാളെ പകല്‍ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കുന്നത്. അതോടെ 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും. എന്നാല്‍ തര്‍ത്ഥാടകര്‍ക്ക് 31 മുതലേ ദര്‍ശനം അനുവദിക്കൂ.
ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേര്‍ന്ന തങ്ക അങ്കി വൈകിട്ട് മൂന്ന് വരെ പമ്പാ ഗണപതി കോവിലില്‍ ദര്‍ശനത്തിന് വച്ചശേഷമാണ് സന്നിധാനത്തേക്ക് കൊണ്ടുവന്നത്. വൈകുന്നേരം 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തിരുനടയില്‍ എത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിച്ചു. ആറ് മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കുകയും തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കുകയുമായിരുന്നു. സന്നിധാനത്തേക്ക് ആനയിച്ച ഘോഷയാത്ര പതിനെട്ടാംപടിയില്‍ എത്തിയപ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, അംഗങ്ങളായയ പി.എം. തങ്കപ്പന്‍, മനോജ് ചരളേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രയ്ക്ക് 73 കേന്ദ്രങ്ങളിലാണ് സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നത്.