ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (22/12/2021 )

ശബരിമല കരിമല കാനനപാത തുറക്കല്‍ : എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എ.ഡി.എം പറഞ്ഞു.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിച്ചെടുക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമൊരുക്കും. 4 എമര്‍ജന്‍സ് മെഡിക്കല്‍ കെയര്‍ സെന്ററുകളുണ്ടാകും. വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ ഒരുക്കുന്ന എട്ട് ഇടത്താവളങ്ങളുമുണ്ടാകും. രാത്രി വൈകി വനപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കും വിധം സമയം ക്രമീകരിക്കും. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. ശുചിമുറികള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. വന്യമൃഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനവും ഒരുക്കും.

18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാത 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
പമ്പാ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐ.പി.എസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.

മതസൗഹാര്‍ദ്ദത്തിന്റെ കരുത്തുറ്റ പ്രതീകമായി വാവരുനട

മതസൗഹാര്‍ദ്ദത്തിന്റെ കരുത്തുറ്റ പ്രതീകമാണ് ശബരിമല സന്നിധാനത്തുള്ള വാവരുനട. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത സവിശേഷമായ ആചാരവും ഐതിഹ്യവുമാണ് വാവര് നടയുടെ മഹനീയത.

പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുമെന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും നേരത്തേ തന്നെ വെളിപാട് കിട്ടിയിരുന്നു. ബലപരീക്ഷണത്തിലൂടെ വാവരെ മനസിലാക്കിയ അയ്യപ്പന്‍ തന്റെ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തെയും കൂട്ടി. ഒടുവില്‍ അയ്യപ്പന്‍ കുടികൊള്ളുന്ന സന്നിധാനത്തിന് സമീപത്തായി വാവരെയും ഇരുത്തി. ഇതാണ് അയ്യപ്പനും വാവരും എന്ന സൗഹൃദത്തിന്റെ ഐതിഹ്യമെന്ന് വാവരുനടയിലെ മുഖ്യകാര്‍മികന്‍ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറഞ്ഞു.

ജ്യോതിഷിയും ആയുര്‍വേദ വൈദ്യനുമായിരുന്നു വാവര്. എരുമേലിയില്‍ പേട്ട തുള്ളിയെത്തു അയ്യപ്പന്‍മാര്‍ അവിടെ ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് കയറുക. ജാതിമത വര്‍ണവ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല വിശ്വമാനവികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുസലിയാര്‍ പറഞ്ഞു. മത സ്പര്‍ധയും തീവ്രവാദവും വളര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്ന ഇക്കാലത്ത് ഈ ഒരു ചരിത്രവും ഐതിഹ്യവും മനുഷ്യര്‍ പഠിക്കട്ടെ. മുഷ്യനന്മയ്ക്കായി ഇത് എന്നെന്നും നിലനില്‍ക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

 

അയ്യപ്പ ദര്‍ശനത്തിനെത്തുവര്‍ വാവരുസ്വാമിയെയും കണ്ട്് വണങ്ങി അനുഗ്രഹം വാങ്ങിയാണ് സന്നിധാനം വിടുക. വാവരുനടയില്‍ വാവരുടെ ഉടവാള്‍ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ ഇടതുഭാഗത്താണ് കാര്‍മ്മികന്‍ ഇരിക്കുക. അരി, ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് വാവരുനടയിലെ പ്രധാന പ്രസാദം. മധുരവും എരിവും ചേര്‍ന്ന പ്രസാദം. കുരുമുളകും കല്‍ക്കണ്ടവും വേറെയും നല്‍കാറുണ്ട്. അയ്യപ്പനോടുള്ള ആദരവിന്റെ ഭാഗമായി ഭസ്മം നല്‍കും. ആവശ്യക്കാര്‍ക്ക് ചരടും നല്‍കാറുണ്ട്.
പത്തനംതിട്ട വായ്പ്പൂര് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുക. എട്ട് കുടംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും സമ്മതവും പരിഗണിച്ചാണ് മുഖ്യകാര്‍മികനെ തിരഞ്ഞെടുക്കുക. ഒപ്പം പരികര്‍മികളായി ഏഴുപേരുണ്ട്.
അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ വാവരെ വണങ്ങിയാണ് മടങ്ങുക. മതമൈത്രിയില്‍ അധിഷ്ഠിതമായ ശബരിമലയുടെ മറ്റൊരു ഐതിഹ്യസൗഭാഗ്യമാണ് വാവര് നട.

അയ്യപ്പന് സമര്‍പ്പിക്കാന്‍ തെങ്ങിന്‍തൈ

പതിനെട്ട് തവണ തുടര്‍ച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവര്‍ അയ്യപ്പന് തെങ്ങിന്‍ തൈ സമര്‍പ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാള്‍ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീര്‍ഥാടകന്‍ സന്നിധാനത്ത് തെങ്ങിന്‍ തൈ നടണം. സന്നിധാനത്തിന് പടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തെങ്ങിന്‍ തൈ നടുന്നത്. പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ച ശേഷമാണ് തെങ്ങിന്‍ തൈ നടുക. 36 വര്‍ഷം തുടര്‍ച്ചയായി മലകയറുന്ന അയ്യപ്പന്‍മാര്‍ വീണ്ടും ഒരു തെങ്ങിന്‍ തൈ കൂടി അയ്യപ്പന് സമര്‍പ്പിക്കാറുണ്ട്. കര്‍പ്പൂരമുഴിഞ്ഞ് പൂജിച്ച ശേഷമാണ് തൈ നടുക. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒരു പോലെ ഈ ആചാരം മുടങ്ങാതെ പാലിക്കുന്നുണ്ട്.

 

ശബരിമലയിലെ നാളത്തെ (23.12.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.15 മുതല്‍ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
11.30 ന്  കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
6.45 ന്…..പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
9.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.