സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശു വികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമൂഹത്തില്‍ സ്ത്രീധനം മൂലമുള്ള പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ തടയുന്നതിന് സ്ത്രീകള്‍ മുന്നിട്ട് പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുകയും വേണം. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികള്‍ ആകണമെന്നും പരാതികള്‍ ഉണ്ടെങ്കില്‍ അവ തുറന്ന് പറയാന്‍ ആര്‍ജവം നേടണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് ഓരോ സ്ത്രീയും സ്വയം പ്രതിജ്ഞയെടുക്കണം. എങ്കില്‍ മാത്രമേ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നടപ്പായ സ്ത്രീധന നിരോധന നിയമം നമ്മുടെ രാജ്യത്ത് പൂര്‍ണമായും പാലിക്കപ്പെടുകയുള്ളെന്നും മന്ത്രി പറഞ്ഞു. രണ്ടര പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ സാമൂഹിക, സാമ്പിത്തിക ഉന്നമനത്തില്‍ കുടുംബശ്രീ വഹിച്ചുവരുന്ന പങ്ക് വലുതാണെന്നും സ്ത്രീകളുടെ ഉന്നമനത്തിന് തുടര്‍ന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്.മോഹനന്‍ സ്്ത്രീ ധനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം പ്രതിജ്ഞ ചൊല്ലി. മെഴുകുതിരി തെളിച്ച് മന്ത്രിയുള്‍പ്പെടെ അത് ഏറ്റുചൊല്ലി.
ഇതിന്റെ ഭാഗമായി ടൂവീലര്‍ റാലിയും സംഘടിപ്പിച്ചിരുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി അബാന്‍ ജംഗ്ഷനില്‍ സമാപിച്ചു. സ്ത്രീധനവും അതിക്രമവും എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും നടന്നു.
ഡിസംബര്‍ 18 മുതല്‍ 2022 മാര്‍ച്ച് എട്ടു വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചത്. സ്ത്രീധനവും സ്വര്‍ണ്ണാ സക്തിയും യുവതലമുറയില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗം പോലുള്ള ദുഷ്പ്രവണതകളും ഇല്ലായ്മ ചെയ്യാനും സ്ത്രീപീഡനങ്ങള്‍ക്ക് അറുതി വരുത്താനും പര്യാപ്തമാകുന്ന സ്ത്രീപക്ഷ സാമൂഹ്യ സാക്ഷരത എല്ലാ ജനങ്ങളിലും ഉണ്ടാക്കുവാനുമുള്ള യത്‌നമാണ് കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം എന്ന പ്രചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, കോന്നി എം.എം.എന്‍.എസ്.എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സി. വര്‍ഗീസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, കുടുംബശ്രീ എഡിഎംസി എല്‍. ഷീല, കുടുംബശ്രീ ഡി.പി.എം പി.ആര്‍. അനുപ, എഡിഎംസി കെ.എച്ച്. സലീന തുടങ്ങിയവര്‍ പങ്കെടുത്തു. സിഡിഎസ് തലത്തിലും എഡിഎസ് തലത്തിലും കുടുംബശ്രീ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, മറ്റ് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.