പുസ്തകോത്സവങ്ങള്‍ യുവ തലമുറയിലെ എഴുത്തുകാര്‍ക്ക് കടന്നുവരാനുള്ള വേദിയാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജിലെ കടമ്മനിട്ട രാമകൃഷ്ണന്‍ നഗറില്‍ ആരംഭിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് കുറഞ്ഞുവരുന്ന ആശയവിനിമയ വേദികള്‍ കൂടുതലായി സൃഷ്ടിക്കാന്‍ പുസ്തകോത്സവങ്ങള്‍ പോലെയുള്ള ഇടങ്ങള്‍ കാരണമാകണം. ആശയത്തെ ആശയങ്ങള്‍കൊണ്ട് നേരിടുന്നതിനും അതിലൂടെ ആരോഗ്യകരമായ ആശയവിനിമയ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും പുസ്തകോത്സവങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.പി.ജെ. ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്ത കടമ്മനിട്ട അക്ഷരദീപം തെളിക്കല്‍ നടത്തി. മുഖ്യപ്രഭാഷണം നോവലിസ്റ്റ് ബെന്യാമിന്‍ നിര്‍വഹിച്ചു.
വയലാര്‍ പുരസ്‌കാര ജേതാവായ ബെന്യാമിനെ മന്ത്രി ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ എസ്.ഹരിദാസ്, എം.എസ്. ജോണ്‍, രാജന്‍ വര്‍ഗീസ്, കെ.പി. രാധാകൃഷ്ണന്‍, കണ്‍വീനര്‍ പി.ജി. ആനന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി. രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ കാശിനാഥന്‍ രചിച്ച ഇക്കാവ്, തെങ്ങമം ഗോപകുമാറിന്റെ ജവാന്‍ കെയര്‍ ഓഫ് 56 എ.പി.ഒ, കൈപ്പട്ടൂര്‍ തങ്കച്ചന്റെ കഫീല്‍ കുവൈത്ത് അധിനിവേശം, സി.റഹീമിന്റെ ഓര്‍മ്മകളുടെ ചന്ദനക്കുടം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.