Trending Now

പൊതുയിടം എന്റേതും: പത്തനംതിട്ട അബാന്‍ ടവറില്‍ നിന്നും രാത്രി നടത്തം ശ്രദ്ധേയമായി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങള്‍ക്കും എതിരായി പൊതുബോധം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ പൊതുയിടം എന്റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ടവറില്‍ നിന്നും ശനിയാഴ്ച രാത്രി ഒന്‍പതിന് ആരംഭിച്ച രാത്രി നടത്തം 10ന് ജില്ലാ സ്റ്റേഡിയത്തില്‍ സമാപിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകള്‍ സുരക്ഷിതമാകുന്ന ഇടമാണ് സംസ്‌കാര സമ്പന്നമായതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

 

യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാരും എല്ലാവരും പറന്നുയരാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് സന്ദേശം നല്‍കിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകന്‍ മല്‍ഹാറിനൊപ്പമാണ് കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്.
പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാമണിയമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാവേണു, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ഥികള്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം,  വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ, കോഴഞ്ചേരി മഹിളാ മന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരന്‍ നായര്‍, തുടങ്ങി അന്‍പതോളം പേര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

 

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടു വരെ പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമായി വിവിധ ദിവസങ്ങളിലായി ജനപ്രതിനിധികള്‍, കോളജ് വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്ത്രീ സംഘടനാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് രാത്രി നടത്തം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ മാര്‍ച്ച് എട്ട് വരെ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ചു വരികയാണ്.

 

ജീവിത പങ്കാളിയില്‍ നിന്നുള്ള പീഡനം, ശാരീരിക-മാനസിക -ലൈംഗിക അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, പെണ്‍ഭ്രൂണഹത്യ തുടങ്ങി സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ദൂര വ്യാപകവും തുടര്‍ച്ചയായിട്ടുള്ളതും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കുന്ന ഇത്തരം അതിക്രമങ്ങള്‍ സ്വകാര്യ ജീവിതത്തെയും പൊതുജീവിതത്തെയും ബാധിക്കുന്നതു മൂലം അവരുടെ ഉന്നത വിദ്യാഭ്യാസവും തൊഴിലവസരവും പരിമിതപ്പെടുത്തുന്നു. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ പ്രവൃത്തികള്‍ പൂര്‍ണമായും തുടച്ചു മാറ്റുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.