ശബരിമലയില്‍ തിരക്കേറുന്നു;മികച്ച സൗകര്യങ്ങളില്‍ സംതൃപ്തരായി ഭക്തര്‍
’40 വര്‍ഷമായി ഞാന്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നു. ഇക്കാലത്തിനിടയില്‍ ഏറ്റവും സുഖപ്രദമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞത് ഈ വര്‍ഷമാണ്’. തൃശൂര്‍ സ്വദേശിയായ പ്രേമാനന്ദ ഷേണായിയുടെ വാക്കുകളിലുണ്ട്, ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയ ക്രമീകരണങ്ങളില്‍ എത്രത്തോളം സംതൃപ്തരാണ് ഇദ്ദേഹത്തെ പോലുള്ള ആയിരക്കണക്കിന് ഭക്തരെന്നുള്ളത്. ‘ഇങ്കെ എല്ലാം സൂപ്പറായിറുക്ക്. എങ്കെയും ഒരു പ്രച്‌നവും ഇറുക്കാത്’- തമിഴ്‌നാട് സേലം സ്വദേശി ശിവയുടെ വാക്കുകള്‍ ഇതരസംസ്ഥാന സ്വാമിമാരും ക്രമീകരണങ്ങളില്‍ സന്തോഷവാന്മാരാണെന്നുള്ള സാക്ഷ്യപ്പെടുത്തലാണ്.
4,75,217 പേരാണ് മണ്ഡല, മകര വിളക്ക് തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം വ്യാഴാഴ്ച വരെ ശബരിമലയിലെത്തിയത്. വ്യാഴാഴ്ചയാണ് (9.12.2021) ഏറ്റവും കൂടുതല്‍ ഭക്തര്‍ മല ചവിട്ടിയത്. 36,279 പേര്‍. എട്ടാം തീയതി വരെ 5,65,102 പേരാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തിരുന്നത്. ഇതില്‍ 4,31,771 പേര്‍ ദര്‍ശനത്തിനെത്തി. വെര്‍ച്വല്‍ ക്യു വഴി ബുക്കിംഗ് ലഭിക്കാത്തവര്‍ക്കായി നവംബര്‍ 19 മുതല്‍ തന്നെ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. 7,167 പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. നിലയ്ക്കലെ നാല് കൗണ്ടറുകളിലും വിവിധ ക്ഷേത്രങ്ങളിലുമായി സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മല കയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ കാത്തിരുന്ന് മുഷിയാതെ പുലര്‍ച്ചെ നാലുമണിക്ക് തന്നെ ദര്‍ശനത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. നേരത്തെ ഗണപതി ഹോമത്തിന് ശേഷം 4.45-ഓടെയായിരുന്നു ദര്‍ശനം അനുവദിച്ചിരുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രിയില്‍ ഹരിവരാസനം കഴിഞ്ഞ് ഏറ്റവും അവസാനം ഇറങ്ങുന്ന ഭക്തന് വരെ അന്നദാനം ഉറപ്പാക്കുന്നുണ്ട്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന അന്നദാനം ആറ് മണിയിലേക്ക് മാറ്റിയപ്പോള്‍ ഹാളില്‍ തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സൗകര്യപ്രദമായി കഴിക്കുന്നതിനുമുള്ള സൗകര്യമാണ് കൈവന്നത്.
പ്രധാന വഴിപാടുകളിലൊന്നായ നെയ്യഭിഷേകം ഭക്തര്‍ക്ക് നേരിട്ട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നെയ്യ് സ്വീകരിക്കുന്നതിനും തിരിച്ചു നല്‍കാനുമായി രണ്ടു വീതം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നു മാത്രമുണ്ടായിരുന്ന നെയ്യ് തിരിച്ചു കൊടുക്കുന്ന കൗണ്ടര്‍ രണ്ടായി വര്‍ധിപ്പിച്ചതാണ്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് പ്രസാദ വിതരണം മുടക്കം കൂടാതെ നടത്തുന്നതിനും ക്രമീകരണമൊരുക്കി. അപ്പം-അരവണ കൗണ്ടര്‍ അഞ്ചെണ്ണമുണ്ടായിരുന്നത് എട്ടായി വര്‍ധിപ്പിച്ചിരുന്നു. ഇത് ശനിയാഴ്ച മുതല്‍ 10 ആയി വര്‍ധിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു.
മല കയറിയെത്തുന്നവര്‍ക്ക് നടപന്തലിലും മുഴുവന്‍ സമയവും ചുക്കുവെള്ളം നല്‍കുന്നുണ്ട്. ഫ്ളൈഓവര്‍ കയറി വരുന്നവര്‍ക്ക് വെള്ളം നല്‍കുന്നതിന് തിരുമറ്റത്തും സൗകര്യമേര്‍പ്പെടുത്തി. ദര്‍ശനത്തിന് ശേഷം വിരിവച്ച് വിശ്രമിക്കാന്‍ മാളികപ്പുറം ഫ്ളൈഓവര്‍, അന്നദാന മണ്ഡപത്തിന് സമീപം, ലോവര്‍ തിരുമുറ്റം, പാണ്ടിത്താവളത്തിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരെയും നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുന്നില്ല. തുടര്‍ച്ചയായ അനൗണ്‍സ്‌മെന്റിലൂടെ കോവിഡ് മാനദണ്ഡങ്ങളും സന്നിധാനത്ത് പാലിക്കേണ്ട ശുചിത്വത്തെയും മറ്റ് കാര്യങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധി സേനാംഗങ്ങളുടെയും പുണ്യം പൂങ്കാവനം പദ്ധതിയുടെയും വിവിധ വകുപ്പുകളുടെയും അയ്യപ്പസേവാസംഘം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സന്നിധാനത്തെ മാലിന്യ മുക്തമായി നിലനിര്‍ത്തുന്നു. ഭക്തര്‍ക്ക് ഉപയോഗിക്കുന്നതിനായി 429 ശുചിമുറികളാണ് സന്നിധാനത്ത് പ്രവര്‍ത്തനക്ഷമമായുള്ളത്. സന്നിധാനത്ത് വിരിവയ്ക്കാനുള്ള തീരുമാനമുണ്ടാകുന്ന പക്ഷം ഉപയോഗിക്കാനായി 500 മുറികള്‍ സജ്ജമാണെന്നും ഇതിലൂടെ 2000-ത്തിലധികം പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമുണ്ടാകുമെന്നും ദേവസ്വം എക്‌സിക്യുട്ടിവ് ഓഫീസര്‍ പറഞ്ഞു.
പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദിന്റെ കീഴില്‍ ശബരിമല സന്നിധാനത്ത് 450 പോലീസുകാരാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഇതില്‍ 250 പേരെയാണ് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി നിയോഗിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്തും മികച്ച സേവനമാണ് ഭക്തര്‍ക്ക് ലഭിക്കുന്നത്. ഗവ അലോപ്പതി ആശുപത്രിയില്‍ 11 ഡോക്ടര്‍മാരും 20 പാരാമെഡിക്കല്‍ ജീവനക്കാരുമാണ് സന്നിധാനത്ത് സേവനത്തിലുള്ളത്. അഞ്ച് ഡോക്ടര്‍മാരടക്കം 14 പേര്‍ ഗവ ആയുര്‍വേദ ആശുപത്രിയിലും ഗവ ഹോമിയോ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരടക്കം ആറു പേരുമാണ് ഭക്തരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ളത്. നട തുറന്ന ശേഷം അലോപ്പതി ആശുപത്രിയില്‍ 7,751 പേരും ആയുര്‍വേദ ആശുപത്രിയില്‍ 6000-ത്തോളം പേരും ഹോമിയോപ്പതി ആശുപത്രിയില്‍ 1000 പേരും ചികിത്സ തേടി.
നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, പോലീസ്, റവന്യു, കെഎസ്ഇബി, ജലവിഭവ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരുക്കങ്ങള്‍ നടത്തിയത്. ശുചിമുറികള്‍ വൃത്തിയാക്കി. എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍, കുടിവെള്ളം, വഴിയോര ലൈറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് മുക്തമാക്കി സംരക്ഷിക്കണമെന്ന് അഭ്യര്‍ഥന;ഗിരീഷ് മുരളിയുടെ ഗാനാര്‍ച്ചന ശ്രദ്ധേയമായി
ശബരിമലയിലെ പുണ്യം പൂങ്കാവനം പ്രവര്‍ത്തകനായ ഗിരീഷ് മുരളി സന്നിധാനം വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ ഗാനാര്‍ച്ചന നടത്തി. പഴയ അയ്യപ്പഭക്തിഗാനങ്ങളാണ് ഗിരീഷ് മുരളി ആലപിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഗാനങ്ങളാണ് പാടിയത്.
പുണ്യം പൂങ്കാവനം പ്രവര്‍ത്തകന്‍ കൂടിയായതിനാല്‍ ശബരിമലയെ പ്ലാസ്റ്റിക്ക് മുക്തമാക്കി സംരക്ഷിക്കണമെന്നും ഗിരീഷ് മുരളി ഗാനാര്‍ച്ചനയ്ക്കിടയ്ക്ക് ഭക്തരോട് അഭ്യര്‍ഥിച്ചു. മാലിന്യ മുക്തമായ നാടാണ് നമ്മുടെ ലക്ഷ്യമെന്നും അതിനായി എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ നാളത്തെ (11.12,2021) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.