Trending Now

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (09/12/2021

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (09/12/2021

പമ്പാ സ്നാനം:എഡി എം നേതൃത്വത്തില്‍ പരിശോധന നടത്തി

ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പമ്പാ സ്നാനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തി. സ്നാനത്തിന് അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വെള്ളത്തിന്റെ ഒഴുക്കും നദിയിലെ ആഴമുള്ള ഭാഗങ്ങളും കണ്ടെത്തി, അപകടങ്ങളില്ലാതെ ഏതൊക്കെ ഭാഗങ്ങളില്‍ അനുമതി നല്‍കാനാവുമെന്ന സാധ്യതകളാണ് പരിശോധിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടിതിരിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും പരിശോധിച്ചു. സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുമെന്നും പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ആറാട്ട്കടവ് വിസിബി മുതല്‍ ത്രിവേണി പാലം വരെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. നദിയുടെ ഒഴുക്കും ആഴവുമറിയുന്നതിന് ആളെയിറക്കിയുള്ള പരിശോധനയും നടത്തി. പമ്പ പോലീസ് സ്പെഷല്‍ ഓഫീസര്‍ ആമോസ് മാമന്‍, അസി. സ്പെഷല്‍ ഓഫീസര്‍ കെ കെ സജീവ്, ഡ്യൂട്ടി മജിസ്ട്രേറ്റ് രാജേന്ദ്രന്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ഗോപകുമാര്‍, ഫയര്‍ ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എഡിഎമ്മിനൊപ്പമുണ്ടായിരുന്നു.

ബിജു വൈക്കത്തിന്റെ
പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തി സാന്ദ്രം

സന്നിധാനം വലിയ നടപ്പന്തല്‍ വേദിയില്‍ ബിജു വൈക്കം അവതരിപ്പിച്ച പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ ഭക്തി സാന്ദ്രമായി. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായാണ് പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ അദ്ദേഹം അവതരിപ്പിച്ചത്.

തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി, ആദിവ്യനാമം അയ്യപ്പാ, ശബരിമലയില്‍ തങ്ക സൂര്യോദയം, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ചന്ദനചര്‍ച്ചിത, കോലക്കുഴല്‍ വിളി കേട്ടോ രാധേ, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ തുടങ്ങി 20 മലയാളം, തമിഴ് പാട്ടുകളാണ് പുല്ലാങ്കുഴലില്‍ ആലപിച്ചത്.

ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഭക്തിഗാനങ്ങളടങ്ങിയ സംഗീതാര്‍ച്ചനയാണ് ബിജു വൈക്കം സമ്മാനിച്ചത്. 10 വര്‍ഷമായി ശബരിമലയില്‍ പുല്ലാങ്കുഴലില്‍ ഇദ്ദേഹം സംഗീതാര്‍ച്ചന നടത്തുന്നുണ്ട്. പരിപാടിക്ക് പക്കമേളം ഒരുക്കിയത് കണ്ണന്‍ പാലക്കാടാണ്.

പുതു തലമുറയ്ക്കും പ്രിയങ്കരമായി പറ നിറയ്ക്കല്‍

പുതുതലമുറയ്ക്കും പ്രിയങ്കരമായി ശബരിമല സന്നിധാനത്തെ പറനിറയ്ക്കല്‍ ചടങ്ങ്. എല്ലാ ദിവസവും സന്നിധാനത്തെ കൊടിമരക്കീഴില്‍ പറയിട്ട് ഭക്തജനങ്ങള്‍ മനം നിറഞ്ഞ് മടങ്ങുന്നു. അയ്യപ്പന്റെ അനുഗ്രഹത്തിനായി സമര്‍പ്പിക്കുന്ന നേര്‍ച്ചയാണ് നിറപറ വഴിപാട്. പഴമയുടെ ആചാരമായ പറനിറയ്ക്കല്‍ പുതുതലമുറയിലുള്ളവര്‍ക്കും ഇപ്പോള്‍ ഏറെ പ്രിയങ്കരമാണെന്ന് ചെറുവള്ളി ഇല്ലം ജയശങ്കരന്‍ നമ്പൂതിരി പറഞ്ഞു.

കത്തുന്ന പൊന്‍മണിവിളക്കിനെ സാക്ഷിയാക്കി തങ്ക നിറമാര്‍ന്ന നെല്‍ക്കതിര്‍ മണികള്‍ പറയായി ഭഗവാന് സമര്‍പ്പിക്കുമ്പോള്‍ ഭഗവാന്റെ ഐശ്വര്യവും അനുഗ്രഹവും ഭക്തന് ലഭിക്കുന്നുവെന്നാണ് വിശ്വാസം. പണ്ട് കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്‍ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന് വീഴുന്ന ഏത് ദ്രവ്യവും പറയായി സമര്‍പ്പിക്കാവുന്നതാണ്.

 

നെല്ല്, അവല്‍, മലര്‍, പഞ്ചസാര, കടല മുതലായ ധാരാളം ദ്രവ്യങ്ങള്‍ പറയായി സമര്‍പ്പിക്കാറുണ്ട്. ഓരോ ദ്രവ്യവും പറയായി സമര്‍പ്പിക്കുമ്പോള്‍ ഓരോ ഉദ്ദേശ്യമാണുള്ളത്. പഞ്ചസാര പറയിടുമ്പോള്‍ വിദ്യാഭ്യാസ പുരോഗതി, മലര്‍ പറയിടുമ്പോള്‍ വിവാഹ തടസം മാറല്‍, അവല്‍ പറയിടുമ്പോള്‍ ദാരിദ്ര്യം മാറല്‍, കടല പറയിടുമ്പോള്‍ ശത്രുദോഷം ഒഴിവാകല്‍, നാണയം കൊണ്ട് പറയിടുമ്പോള്‍ സമ്പദ് വര്‍ധന ഇങ്ങനെ ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമാണ്.
എന്നാല്‍, നെല്‍പറയിലൂടെ സര്‍വ സിദ്ധിയാണ് ഫലമായി വേദങ്ങള്‍ പറയുന്നത്. പണ്ട് കാലത്ത് പറയിട്ട് കിട്ടുന്ന നെല്‍പ്രസാദം കൃഷിസ്ഥലങ്ങളില്‍ വിതറും. അതിലൂടെ കാര്‍ഷികാഭിവൃദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. ഓരോ പറയ്ക്കും ഓരോ മന്ത്രമുണ്ട്. തെക്കന്‍ ജില്ലകളിലാണ് പറ നിറയ്ക്കലിന് കൂടുതല്‍ പ്രാധാന്യമുള്ളത്.

അന്‍പൊലി പറയില്‍ അഞ്ച് ദ്രവ്യങ്ങള്‍ ഒരേ പോലെ പറയില്‍ നിറയ്ക്കും. വിളക്കിന്റെ മുന്നില്‍ ഗണപതിക്ക് പ്രത്യേകം നിവേദ്യം വച്ച് പൂജ നടത്തി ഈ അഞ്ച് പറയിലും കര്‍പ്പൂരം ആരതി ഉഴിഞ്ഞ് ജല ശുദ്ധി നടത്തിയാണ് അന്‍പൊലി തളിക്കുന്നത്.

 

ശബരിമലയിലെ നാളത്തെ (10.12,2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!