Trending Now

ശബരിമല വാര്‍ത്തകള്‍ ,വിശേഷം (6/12/2021 )

ശബരിമലയിൽ പടിപൂജ ബുക്കിംഗ് 2036 വരെ;ഉദയാസ്തമനപൂജ ബുക്കിംഗ് 2028 വരെ

ശബരിമലയിലെ വിശേഷാൽ പൂജയായ പടിപൂജ 2036 വരെയും ഉദയാസ്തമനപൂജ 2028 വരെയും ബുക്കിംഗ് ആയതായി ദേവസ്വം ബോർഡ് അറിയിച്ചു. പടിപൂജയ്ക്ക് 75,000 രൂപയും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് നിരക്ക്. മറ്റ് പൂജകൾ ആവശ്യപ്രകാരം നടത്തിക്കൊടുക്കും.
സന്ധ്യാസമയം പതിനെട്ടാം പടിയിൽ നടത്തുന്ന പടിപൂജ പുഷ്പാഭിഷേകത്തിന് ശേഷമാണ് നടത്താറ്. മേൽശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടുപടികളും പുഷ്പങ്ങളാലും പട്ടുവസ്ത്രങ്ങളാലും അലങ്കരിച്ച് ഓരോന്നിലും വിളക്ക് വെച്ച് തന്ത്രി ആരതിയുഴിഞ്ഞാണ് പടി പൂജ നടത്തുന്നത്.

ഉദയം മുതൽ അസ്തമയം വരെയുള്ള അതായത് നിർമ്മാല്യം മുതൽ അത്താഴപൂജ വരെയുള്ള ആരാധനയാണ് ഉദയാസ്തമയ പൂജ. നിത്യപൂജയ്ക്ക് പുറമെ അർച്ചനകളും അഭിഷേകവും അടക്കമുള്ള വിശേഷാൽ പൂജകൾ ഉദയാസ്തമപൂജയുടെ ഭാഗമായി നടത്തുന്നു.
മറ്റ് വഴിപാടുകളുടെയും പൂജകളുടെയും നിരക്ക്: സ്വാമി അയ്യപ്പനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നെയ്യഭിഷേകത്തിന് 10 രൂപയാണ് നിരക്ക്. തീർഥാടകർ നെയ്‌ത്തേങ്ങയിൽ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. ഇപ്പോൾ സ്വാമിമാർക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യമില്ല. നെയ്്‌ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറിൽ സ്വീകരിച്ച് പുറത്ത് രണ്ട് കൗണ്ടറുകളിൽ അഭിഷേകം ചെയ്ത നെയ്യ് നൽകുന്നു.

ആടിയശിഷ്ടം നെയ്യിന് 75 രൂപയും അരവണ (250 മില്ലി ലിറ്റർ) 80 രൂപയും അപ്പം (ഏഴ് എണ്ണം, ഒരു കവർ) 35 രൂപയുമാണ് നിരക്ക്.
സഹസ്രകലശം 50,000 രൂപ, ഉത്സവബലി 30,000 രൂപ, പുഷ്പാഭിഷേകം 10,000 രൂപ, ലക്ഷാർച്ചന 10,000 രൂപ, അഷ്ടാഭിഷേകം 5,000 രൂപ, നിത്യപൂജ 3,000 രൂപ, ഉച്ചപൂജ 2,500 രൂപ, ഉഷപൂജ 750 രൂപ, മുഴുക്കാപ്പ് 750 രൂപ, തുലാഭാരം 400 രൂപ, ഗണപതി ഹോമം 300 രൂപ എന്നിങ്ങനെയാണ് മറ്റ് പൂജകളുടെ നിരക്ക്.

സന്നിധാനത്ത് പുല്ലാങ്കുഴൽ ഫ്യൂഷനുമായി
വേണു ആദിനാട്

സന്നിധാനത്ത് തീർഥാടകർക്ക് മേൽ ഭക്തിമഴ പെയ്യിച്ച് വേണു ആദിനാടിന്റെ ഓടക്കുഴൽ ഫ്യൂഷൻ. സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ ഭക്തിഗാനങ്ങൾ പാടിയതിനൊപ്പം പുല്ലാങ്കുഴലിൽ അവ വായിക്കുകയും ചെയ്തു. ശബരിമലയിൽ തങ്ക സൂര്യോദയം, ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ..തുടങ്ങിയ ഗാനങ്ങൾ ഫ്യൂഷനായി അവതരിപ്പിച്ചു. മകൻ ശ്രീശബരീശനും ഭക്തിഗാനങ്ങൾ പാടുകയും പുല്ലാങ്കുഴൽ വായിക്കുകയും ചെയ്തു.
എട്ടാമത്തെ വർഷമാണ് വേണുവിന്റെ വേണുനാദം സന്നിധാനത്തെ മുഖരിതമാക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണം കാരണം പരിപാടി അവതരിപ്പിക്കാനായില്ല. കരുനാഗപ്പള്ളി ആദിനാട് സ്വദേശിയാണ്. പുല്ലാങ്കുഴൽ ഫ്യൂഷൻ സ്വന്തം സംഗീത ട്രൂപ്പ് കേരളത്തിലുടനീളം പരിപാടി അവതരിപ്പിക്കാറുണ്ട്. ഡോ. പത്‌മേഷ്, കുടമാളൂർ ജനാർദനൻ എന്നിവരാണ് ഗുരുക്കൻമാർ.
കീബോർഡ് സുദീപ് ആലപ്പുഴ, തബല അരുൺകുമാർ ചേരാവള്ളി, മൃദംഗം കലാമണ്ഡലം കെ.ജെ. പ്രസാദ് ഓച്ചിറ എന്നിവരാണ് ഇദ്ദേഹത്തിനൊപ്പം ഫ്യൂഷൻ സംഗീതം ഒരുക്കിയത്. കൂടെ മകൻ ശബരീശനും ഉണ്ടായിരുന്നു.

 

error: Content is protected !!