Trending Now

ശബരിമല വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ ,വിശേഷങ്ങള്‍(3/12/2021 )

 

ശബരിമല തീർഥാടനം: ഇളവുകൾക്കായി ബോർഡ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചു: പ്രസിഡൻറ്

ശബരിമല തീർഥാടനത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചതായി പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. തീർഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പാ സ്‌നാനം അനുവദിക്കണം, തീർഥാടകരിൽ ആവശ്യമുള്ളവർക്ക് എട്ട് മണിക്കൂർ എങ്കിലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കണം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരം നൽകണം എന്നിവയാണ് ആവശ്യങ്ങൾ. ട്രാക്ടർ പാത വഴി തീർഥാടകർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പ്രയാസം ഉണ്ടാക്കുന്നുണ്ട്. നീലിമല പാത വഴിയുള്ള യാത്ര അനുവദിക്കാനുള്ള മുന്നൊരുക്കം ദേവസ്വം ബോർഡ് നടത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളും ഏഴ് ഓക്‌സിജൻ പാർലറുകളും സജ്ജമാക്കി. സന്നിധാനത്ത് 358ഓളം മുറികൾ താമസ യോഗ്യമാക്കി. ബോർഡിന്റെ ആവശ്യങ്ങളിൽ അനുകൂല നിലപാട് കാലതാമസം കൂടാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും വെള്ളപ്പൊക്കവും തീർഥാടകർ കുറയാൻ കാരണമായി. വരുംദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എക്‌സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യരും പങ്കെടുത്തു.

 

പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സി പഴനി, കോയമ്പത്തൂർ, തെങ്കാശി
സർവീസുകൾ ഡിസംബർ ഏഴ് മുതൽ

പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി അന്തർസംസ്ഥാന ബസ് സർവീസുകൾ ഡിസംബർ ഏഴ് മുതൽ തുടങ്ങും. 12 ബസുകളാണ് അന്തർസംസ്ഥാന സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങും.

നിലവിൽ പമ്പയിൽനിന്ന് 128 ബസുകളാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിപ്പിക്കുന്നത്. ഡിസംബർ 12ഓടെ 99 ബസുകൾ കൂടി സർവീസിനെത്തും.
നിലയ്ക്കൽ-പമ്പ റൂട്ടിൽ തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ ഡിസംബർ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതൽ 12 മണി വരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. പക്ഷേ, പമ്പയിൽനിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിൻ സർവീസുണ്ട്. നിലയ്ക്കലിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സർവീസും ഈ സമയത്തുണ്ട്.

ജൻറം നോൺ എ.സി 4191, ജൻറം എസി 1525, സൂപ്പർ ഫാസ്റ്റ് 56, സൂപ്പർ ഡീലക്‌സ് 152 ഉൾപ്പെടെ 11640 ട്രിപ്പുകളാണ് കെ.എസ്.ആർ.ടി.സി നിലയ്ക്കൽ-പമ്പ റൂട്ടിൽ ഓടിച്ചത്. പമ്പ ബസ്‌സ്‌റ്റേഷനിൽനിന്ന് 80 ജൻറം നോൺ എസി, 30 ജൻറം എ.സി, മൂന്ന് ഷോർട്ട് വീൽ ബേസ്, 10 സൂപ്പർ ഡീലക്‌സ്, അഞ്ച് സൂപ്പർ ഫാസ്റ്റ് ബസുകളടക്കമാണ് 128 ബസുകൾ സർവീസ് നടത്തുന്നത്.
പമ്പയിൽനിന്ന് നേരിട്ട് ചെങ്ങന്നൂരിലേക്ക് 35, കോട്ടയം 10, തിരുവനന്തപുരം 10, എറണാകുളം ഏഴ്, പത്തനംതിട്ട നാല്, കുമളി നാല്, എരുമേലി നാല് എന്നിങ്ങനെയാണ് പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തുന്ന ശരാശരി ട്രിപ്പുകൾ. 306 ജീവനക്കാരാണ് രാപകൽ ഭേദമില്ലാതെ, ശബരിമല തീർഥാടനം സുഗമമാക്കാൻ ജോലി ചെയ്യുന്നത്.

ശബരിമല പോസ്റ്റ് ഓഫീസിൽനിന്ന് വാങ്ങാം ഗംഗാജലം

പവിത്രമായ ഗംഗാജലം ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് വാങ്ങാം. ഗംഗാജലം ഗംഗോത്രിയിൽനിന്നും ഋഷികേശിൽനിന്നും സംഭരിച്ച് ഇന്ത്യ പോസ്റ്റ് പാക്ക് ചെയ്ത് വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഋഷികേശിൽനിന്നുള്ള 500 മില്ലി ലിറ്റർ ഗംഗാജലത്തിന് 22 രൂപയാണ് വില. ഗംഗോത്രിയിൽനിന്നുള്ള 200 മില്ലി ലിറ്റർ ഗംഗാജലം 25 രൂപയ്ക്കും 250 മില്ലി ലിറ്റർ ഗംഗാജലം 30 രൂപയ്ക്കും ലഭിക്കും.

കൂടാതെ ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളയാൾക്കും നേരിട്ട് ആധാർ കാർഡുമായി ചെന്ന് പണം പിൻവലിക്കാനും ഇവിടെ സംവിധാനമുണ്ട്. വിരലടയാളം പരിശോധിച്ച് ഉറപ്പുവരുത്താനായി അക്കൗണ്ട് ഉടമ തന്നെ എത്തണം. ഏത് കമ്പനിയുടെ മൊബൈൽ റീചാർജിനും പോസ്റ്റ് ഓഫീസിനെ സമീപിക്കാം.

ഇതിനൊപ്പം ഇന്ത്യ പോസ്റ്റിന്റെ അക്കൗണ്ട് തുറക്കാനും പണമടയ്ടക്കാനും സൗകര്യമുണ്ട്. കൂടാതെ പോസ്റ്റ് ഓഫീസിന്റെ സാധാരണ സേവനങ്ങളായ മണി ഓർഡർ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ എന്നിവയുമുണ്ട്. അപ്പം, അരവണ എന്നിവ പാഴ്‌സലായി ഇവിടെ നിന്ന് അയക്കാം. തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയും ഇവിടെയുണ്ട്.
ഇതിനെല്ലാം പുറമെ, ശബരിമല പോസ്റ്റ് ഓഫീസിന്റെ സവിശേഷമായ പതിനെട്ടാം പടിക്കുമുകളിലുള്ള അയ്യപ്പന്റെ മുദ്ര പതിച്ച ഒരു പോസ്റ്റ് കാർഡ് നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് അയക്കുകയുമാവാം.

ശബരിമലയിലെ നാളത്തെ (04.12,2021) ചടങ്ങുകൾ

പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കൽ
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതൽ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന് ഹരിവരാസനം സങ്കീർത്തനം പാടി 10 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

error: Content is protected !!