ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം എ.ഡി.എം അർജുൻ പാണ്ഡ്യൻ അറിയിച്ചു.
തീർഥാടകരുടെ എണ്ണം കൂടി വരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ അതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. നീലിമല പാതയിൽ പോലീസിനെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങൾ തയ്യാറായി. സന്നിധാനത്ത് വിരി വെക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു.
നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതായി സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ് അറിയിച്ചു. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോമേറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ സ്ഥാപിക്കും. തീർഥാടകർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലിൽ മാസ്‌ക് വിതരണവും ചെയ്യുന്നു. കടകളിൽ ജോലി ചെയ്യുന്നവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന പോലീസ് നടത്തും.
ഭസ്മക്കുളത്തിൽ വെള്ളം നിറയ്ക്കാനും വെള്ളം മലിനമാവുമ്പോൾ പരിശോധിച്ച് വീണ്ടും നിറയ്ക്കാനും സജ്ജമാണെന്ന് ദേവസ്വംബോർഡ് അറിയിച്ചു. സന്നിധാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷാ പരിശോധനകൾ നിരന്തരം നടത്തിവരുന്നു. കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമാണ്. കെ.എസ്.ആർ.ടി.സി 24 മണിക്കൂറും സർവീസ് നടത്തുന്നുണ്ട്. നിലവിൽ കാട്ടുപന്നികൾ തീർഥാടകരെ ആക്രമിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. സുരക്ഷയ്ക്ക് ഭീഷണിയായ മരച്ചില്ലകൾ മുറിച്ചുമാറ്റും. സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റ്, ഫയർ ആൻഡ് സേഫ്റ്റി, എക്‌സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ പരിശോധനകളും നടത്തിവരുന്നു.
എക്‌സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ, എക്‌സിക്യുട്ടീവ് എൻജിനീയർ സന്ദീപ്, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ശബരിമലയിലെ നാളത്തെ (02.12.2021) ചടങ്ങുകൾ…
പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കൽ
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതൽ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 10 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
എ.ഡി.എമ്മും സ്‌പെഷൽ ഓഫീസറും നീലിമല പാത സന്ദർശിച്ചു
ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യൻ, സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ നീലിമല അപ്പാച്ചിമേട് പാത സന്ദർശിച്ച് ആശുപത്രി, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചു. ഈ പരമ്പരാഗത പാത വഴി തീർഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കിൽ വേണ്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ആരോഗ്യ വകുപ്പിന്റെ ഒരു ആശുപത്രി, കാർഡിയോളജി സെൻറർ, ഏഴ് എമർജൻസി മെഡിക്കൽ സെൻറർ എന്നിവയിലെ സംവിധാനങ്ങൾ പരിശോധിച്ചു. കുടിവെള്ളത്തിനായി ഈ പാതയിലുള്ള 34 കിയോസ്‌കുകളും പ്രാഥമിക സൗകര്യങ്ങളും പരിശോധിച്ചു. സുരക്ഷയുടെ ഭാഗമായുള്ള ഒരുക്കങ്ങളുടെ പരിശോധനയും നടത്തി.