ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച ലണ്ടന്‍ ഐക്യദാർഢ്യമറിയിച്ച് പാരിസിലെ ഈഫൽ ടവർ ഇരുട്ടണിയും. തിങ്കളാഴ്ച ഈഫൽ ടവറിലെ ലൈറ്റുകൾ ഓഫാക്കുമെന്ന് പാരിസ് മേയർ ആന്‍ ഹിദാൽഗോ അറിയിച്ചു. തന്റെ ട്വിറ്റർ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
ലണ്ടനിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണത്തിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് അക്രമികളെ പോലീസ് കൊലപ്പെടുത്തി. മധ്യലണ്ടനിലെ ലണ്ടൻ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആറ് ആശുപത്രികളിലായി മുപ്പതോളം പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ആക്രമണത്തെ തുടർന്ന് ലണ്ടൻ ബ്രിഡ്ജും ലണ്ടൻ ബ്രിഡ്ജ് റെയിൽവെ സ്റ്റേഷനും അടച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.30 നായിരുന്നു ആക്രമണം നടന്നത്.
