ശബരിമല തീര്‍ഥാടകര്‍ക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അധിക സൗകര്യം ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
നിലവിലെ സ്ഥിതിയില്‍ തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും നിലയ്ക്കലില്‍ 250 ശുചിമുറികളും തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്നര്‍, സ്ഥിരം ശുചിമുറികളില്‍ കുറിച്ചുകൂടി തുറക്കാനുണ്ട്. അവയില്‍ ഉപയോഗ്യമായവ 24 മണിക്കൂറിനുള്ളില്‍ സജ്ജമാക്കും. ഇവിടങ്ങളിലെ ശുചിമുറികള്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഇതിനായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള കിയോസ്‌ക്കുകളുടെ പ്രവര്‍ത്തനവും തൃപ്തികരമാണ്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്കായുള്ള സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പന്തളത്തും സജ്ജമായിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സ്പോട്ട് അഡ്മിഷന്‍ കൗണ്ടറില്‍ പരിശോധിക്കുന്നത്.
തുടര്‍ച്ചയായി പെയ്ത കനത്ത മഴയും ന്യൂന മര്‍ദ്ദവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പിന് സമീപത്തിലെ റോഡിലെ വെള്ളക്കെട്ട് 48 മണിക്കൂറിനുള്ളില്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ ഭാഷകളിലായുള്ള സൈന്‍ ബോഡുകള്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ പാര്‍ക്കിംഗ് മേഖല തിരിച്ചറിയുന്നതിനായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. പമ്പാ സ്നാനം സംബന്ധിച്ച് നിലവിലത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുമായി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പമ്പയില്‍ ബാരിക്കേഡ് നിര്‍മ്മിക്കും. ഇവിടെ സ്വീവേജ് പൈപ്പ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. നുണങ്ങാറില്‍ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അനുസരിക്കും. ഇറിഗേഷന്‍, പി.ഡബ്യു.ഡി ബ്രിഡ്ജസുമായി കൂടിയാലോചിച്ച് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. എ.ടി.എം, മൊബൈല്‍ കവറേജ് എന്നിവ ഉടന്‍ തന്നെ ബന്ധപ്പെട്ട വിഭാഗം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മാലിന്യ നിര്‍മ്മാജന സംവിധാനങ്ങള്‍, നിലയ്ക്കലില്‍ ആരംഭിച്ച സ്പോട്ട് ബുക്കിംഗ് കേന്ദ്രം, ആരോഗ്യവകുപ്പ് ക്രമീകരണം, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍, കുടിവെള്ള വിതരണം, സുരക്ഷാ ക്രമീകരണം, വിവിധ വകുപ്പുകളുടെ ക്രമീകരണം, പമ്പ ത്രിവേണി, ഷവര്‍ ബാത്ത് കേന്ദ്രം, കുളികടവുകളിലെ ക്രമീകരണം, നുണങ്ങാര്‍ എന്നിവിടങ്ങളിലെത്തി ജില്ലാ കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ആശയവിനിമയം നടത്തി. ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍, നിലയ്ക്കല്‍ – പമ്പ ചാര്‍ജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.