Trending Now

അമേരിക്കയിലെ ഡാലസില്‍ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു

 

 

മസ്‌കീറ്റ് (ഡാളസ്): ഡാളസ് കൗണ്ടി മസ്‌കീറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന മലയാളി സാജന്‍ മാത്യൂസ് (സജി, 56) നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് അക്രമിയുടെ വെടിയേറ്റ് മരിച്ചു.

ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ച കയറിയ അക്രമി മോഷണ ശ്രമത്തിനിടയിലാണ് കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരേ നിറയൊഴിച്ചത്. വെടിവയ്പ് നടന്ന വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പോലീസ് സജിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ 2005-ലാണ് കുവൈറ്റില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാളസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിലെ നേഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

മസ്‌കീറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്. സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജനസഖ്യത്തിന്റെ സജീവാംഗമായിരുന്നു.

രാത്രി വൈകിയിട്ടും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സാജന്റെ മരണം ഡാളസിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞതു മുതല്‍ സാജന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിരവധി മലയാളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

error: Content is protected !!