പത്താം വര്‍ഷത്തിന്റെആഘോഷത്തില്‍ പുണ്യം പൂങ്കാവനം

ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍


ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിച്ചേരും. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. നിലവില്‍ 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ദര്‍ശനം നടത്തുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്.

 

ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവില്‍ അനുവദിക്കാത്തത്. ശക്തമായ മഴയില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും.  പ്രകൃതിക്ഷോഭം മൂലം തീര്‍ഥാടനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍, ഇതിനെ അതിജീവിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു.
മഴയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂര്‍ത്തിയാക്കും. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. മതിയായ മുന്‍കരുതലുകള്‍ എടുത്ത് തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിയും. കൂടുതല്‍ ഭക്തര്‍ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവില്‍ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പന്‍ റോഡിന് പുറമെ നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരിഗണിക്കും. ഇതിന്റെ ഭാഗമായി ഈ പാതയിലെ  രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനും ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുന്നതിന് സംവിധാനം ഒരുക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇ-ടോയ്‌ലെറ്റ്, ബയോ-ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകള്‍ ഒറ്റയ്ക്കും മറ്റു വകുപ്പുകളുമായി ചേര്‍ന്നും ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതത് സമയത്തെ സ്ഥിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

 

എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, എഡിജിപി എസ്. ശ്രീജിത്ത്, ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേം കുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

 

 

പത്താം വര്‍ഷത്തിന്റെആഘോഷത്തില്‍ പുണ്യം പൂങ്കാവനം

konnivartha.com : ശബരിമലയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ശബരിമലയെ ശുചിയായി സൂക്ഷിക്കുക, തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

2011ല്‍ ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ എത്തിക്കാന്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി ശബരിമല ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ആയിരത്തില്‍പരം ക്ഷേത്രങ്ങളില്‍ നടപ്പാക്കി വരുകയാണ്.
ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, എഡിജിപി എസ്. ശ്രീജിത്ത്, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേം കുമാര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അയ്യപ്പസേവാ സംഘം സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അഖില ഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പതാക ഉയര്‍ത്തലും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അയ്യപ്പഭക്തര്‍ക്ക് മന്ത്രി പ്രഭാത ഭക്ഷണം വിളമ്പി നല്‍കി. സന്നിധാനത്ത് മൂന്ന് നേരമായി നടത്തുന്ന അന്നദാനത്തിനു പുറമേ സ്‌ട്രെച്ചര്‍ സര്‍വീസ്, ചുക്കുവെള്ളം വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളും നല്‍കി വരുന്നു.

സന്നിധാനത്തെയും മരക്കൂട്ടത്തെയും സേവനങ്ങള്‍ക്കായി 140 ഉം, പമ്പയില്‍ 50 ഉം സന്നദ്ധ പ്രവര്‍ത്തകരാണ് ഉള്ളത്. തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടക പാതയില്‍ അവശരാകുന്നവരെ സഹായിക്കാന്‍ അയ്യപ്പ സേവാസംഘം സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജരാണ്. സന്നിധാനത്തെ സേവനങ്ങള്‍ക്ക് പുറമെ പമ്പയില്‍ രണ്ട് ആംബുലന്‍സ് സര്‍വീസും അന്നദാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് പമ്പ മുതല്‍ മരക്കൂട്ടം വരെ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ ബൂത്തുകളും സന്നിധാനത്ത് ഒരു ബൂത്തും വീതം സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബൂത്തിലും അയ്യപ്പസേവാ സംഘത്തിന്റെ രണ്ട് വീതം സന്നദ്ധ പ്രവര്‍ത്തകരും ഉണ്ട്. ഈമാസം 20 ഓടെ നിലയ്ക്കലില്‍ തീര്‍ഥാടക വാഹനങ്ങളുടെ സര്‍വീസുകള്‍ക്ക് സൗജന്യ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കും.
എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണന്‍, കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍, അയ്യപ്പസേവാ സംഘം ക്യാമ്പ് ഓഫീസര്‍ എസ്.എം.ആര്‍ ബാലസുബ്രമണ്യന്‍, ജോയിന്റ് ക്യാമ്പ് ഓഫീസര്‍ നവനീദ് കൃഷ്ണന്‍, ലെയ്‌സണ്‍ ഓഫീസര്‍ മോഹന ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമലയില്‍ മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡല- മകരവിളക്ക് കാലത്ത് എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇവിടെ ലഭിക്കും. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള കൂപ്പണുകള്‍ രാജ്യമൊട്ടാകെയുള്ള ബാങ്ക് ശാഖകള്‍ വഴി തീര്‍ഥാടകര്‍ക്ക് ലഭിക്കും.
എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എല്‍. ചന്ദ്രന്‍, റീജിയണല്‍ മാനേജര്‍ രാജന്‍ സ്ലീബ, ശാഖാ മാനേജര്‍ ഹരി എന്നിവര്‍ പങ്കെടുത്തു.

 

സന്നിധാനത്ത് മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

konnivartha.com : ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും ശബരിമലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി മീഡിയ സെന്ററില്‍ നിന്നു പൊതുസമൂഹത്തിനു ലഭ്യമാക്കും.

തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള വിവരവിനിമയപ്രവര്‍ത്തനങ്ങളും സെന്റര്‍ മുഖേന നടക്കും.
എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, ഐ & പിആര്‍ഡി കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.