Trending Now

ശബരിമല തീര്‍ഥാടനം: ജില്ലാ കളക്ടര്‍ പന്തളം കൊട്ടാരം സന്ദര്‍ശിച്ച് രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി

 

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ, ട്രഷറര്‍ ദീപാ വര്‍മ, കൊട്ടാര അംഗം മീരാ വര്‍മ തുടങ്ങിയവരുമായി കളക്ടര്‍ ചര്‍ച്ച നടത്തി.

തിരുവാഭരണ ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റ് പ്രദേശങ്ങളിലും ഇടത്താവളങ്ങളിലുമൊക്കെ വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. തീര്‍ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ശക്തമായ മഴ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി തീര്‍ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രം, തീര്‍ഥാടകര്‍ എത്തുന്ന കുളിക്കടവുകള്‍ എന്നിവിടങ്ങളിലും കളക്ടര്‍ സന്ദര്‍ശിച്ചു.

error: Content is protected !!