പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍
എല്‍വേറ്റഡ് ഹൈവേ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്
ദേശീയപാത 183-എയുടെ പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണം
പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ റിംഗ് റോഡ് വരെ എത്തുന്നിടത്ത് എല്‍വേറ്റഡ് ഹൈവേ ആവശ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയപാത 183-എയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത 183-എയില്‍ ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെയുള്ള റോഡിന്റെയും ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുള്ള റോഡിന്റെയും വികസനത്തിന്റെ രുപരേഖയുടെ തീരുമാനത്തിനായി ജനപ്രതിനിധികള്‍ പങ്കെടുത്ത പബ്ലിക് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൈലപ്രയില്‍ റോഡിന് വീതി കൂട്ടേണ്ടത് അത്യാവശ്യമാണ്. അപകടങ്ങളും തിരക്കും ഒഴിവാക്കാന്‍ ഇവ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടന സമയത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഇലവുങ്കല്‍ ജംഗ്ഷനില്‍ റോഡിനു വീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എത്ര മരങ്ങള്‍ വെട്ടിമാറ്റണണെന്ന കണക്കും എത്രത്തോളം വനപ്രദേശം റോഡിനായി ഉപയോഗിക്കേണ്ടി വരും എന്നതിനേപ്പറ്റിയും പുതിയ രൂപരേഖയില്‍ ഉള്‍പ്പെടുത്തണം. ഇത് അനുസരിച്ച് എത്ര ഇരട്ടിയോളം മരങ്ങള്‍ വച്ചുപിടിപ്പിക്കാനാകുമെന്നതും പകരമായി എത്രത്തോളം റവന്യൂ ഭൂമി വനംവകുപ്പിനായി നല്‍കണമെന്നതും അറിയാന്‍ സാധിക്കും. ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പ വരെയുള്ള റോഡില്‍ നാലുവരി പാത ആവശ്യമാണ്.
ശബരിമല ബൈ പാസുമായി ബന്ധപ്പെട്ട റോഡായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതിനായി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് പണിയുമ്പോള്‍ റോഡ് സുരക്ഷയാണ് പ്രധാനമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. നിലവിലുള്ള റോഡിന്റെ സാഹചര്യത്തില്‍ നിന്നും കൂടുതല്‍ പഠിച്ച് രൂപരേഖയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓമല്ലൂര്‍ ബൈപ്പാസിന്റെ ഭാഗമായി വരുന്ന പ്രദേശത്ത് പഴയ കടത്തുകടവിലൂടെ പുതിയ പാലം നിര്‍മിക്കുന്നത് അഭികാമ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട നഗരത്തിലെ റോഡ് നിര്‍മാണത്തിന്റെ രൂപരേഖ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദിപ് കുമാര്‍, കൊല്ലം എന്‍.എച്ച് ഡിവിഷന്‍ ഇഇ കെ.എ ജയ, ഡെപ്യൂട്ടി ഇഇ ഷീജ തോമസ്, കൊല്ലം എന്‍.എച്ച് ബൈപ്പാസ് സബ്ഡിവിഷന്‍ എഇഇ ജി.എസ്. ജ്യോതി, എന്‍.എച്ച് ഡിവിഷന്‍ എഇ രാഖി എം. ദേവ്, എന്‍.എച്ച് ബൈപ്പാസ് സബ്ഡിവിഷന്‍ എഇ അനുപ്രിയ, കൊട്ടാരക്കര എന്‍.എച്ച് സെക്ഷന്‍ എഇ കീര്‍ത്തി, കിറ്റ്കോ ജനറല്‍ മാനേജര്‍ പ്രമോദ്, എസ്.ടിയു.പി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സുനില്‍ തോമസ്, എസ്.ടിയു.പി ഡിസൈന്‍ എഞ്ചിനീയര്‍മാരായ അനിരുപണ്‍ ചാറ്റര്‍ജി, സൗരവ് ചാറ്റര്‍ജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.