കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി പെരുന്തേനരുവി – മണക്കയം റോഡ് ഉയര്‍ത്താന്‍ നടപടിയായതായി അഡ്വ.. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡ് താല്‍ക്കാലികമായി മക്കിട്ട് ഉയര്‍ത്തുന്നതിന് പട്ടികവര്‍ഗ വകുപ്പ് അഞ്ചു ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്.
മഴ കനക്കുന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് കുരുമ്പന്‍ മൂഴി കോസ്‌വേ വര്‍ഷത്തില്‍ പല പ്രാവശ്യം മുങ്ങിപ്പോവുകയും അരയാഞ്ഞിലി മണ്ണ്, കുരുമ്പന്‍ മൂഴി, മണക്കയം ഭാഗങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. പെരുന്തേനരുവി ഡാമിന്റെ ഭാഗത്തുനിന്നും മണക്കയം – കുരുമ്പന്‍ മൂഴിയിലേക്ക് ഒരു ചെറിയ പാത ഉണ്ടായിരുന്നെങ്കിലും ഇതിന്റെ 800 മീറ്റര്‍ ഭാഗം ചതുപ്പ് നിറഞ്ഞ് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാണ് ഇപ്പോള്‍ റോഡ് താല്‍ക്കാലികമായി സഞ്ചാര യോഗ്യമാക്കിയിരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിനാണ് പട്ടിക വര്‍ഗ വകുപ്പ് തുക കൈമാറുക. പദ്ധതി നടപ്പാക്കേണ്ടത് നാറാണംമൂഴി പഞ്ചായത്താണ്. 360 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ താമസിക്കുന്നത്.