കോന്നി മെഡിക്കല്‍ കോളജ്: അടിയന്തര സജ്ജീകരണങ്ങള്‍
അത്യാഹിത വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു
ഓഗസ്റ്റ് 30ന് പ്രവര്‍ത്തനം ആരംഭിക്കും
2022ല്‍ അഡ്മിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ ഈയാഴ്ച ആരംഭിക്കും
മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജില്‍ അടിയന്തര സജ്ജീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളില്‍ തീരുമാനം.
മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു മുതലായവ ഉടന്‍ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാന്‍ തീരുമാനിച്ചു. എംആര്‍ഐ, സിടി സ്‌കാന്‍ മുതലായവ ലഭ്യമാക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഡിഎംഇയെ ചുമതലപ്പെടുത്തി. കോന്നി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പാക്കുന്നതിന് 241.01 കോടി രൂപയുടെ ഭരണാനുമതി നല്‍കി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
2022ല്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ ഈ ആഴ്ച ആരംഭിക്കും. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍എംസി യുടെ അനുവാദം ലഭ്യമാക്കുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
ഗൈനക്കോളജി ചികിത്സയും, ബ്ലഡ് ബാങ്കും ആരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. ആശുപത്രി വികസന സമിതി അടിയന്തിരമായി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇത് നടപ്പാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓക്സിജന്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന് വേണ്ടി കെഎംസിഎല്‍, ജില്ലാ ഭരണകൂടം എന്നിവര്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും സിവില്‍ വര്‍ക്കിനുള്ള തുക ജില്ലാ കളക്ടര്‍ നല്‍കാം എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതാണ്. ഫര്‍ണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും കെഎംസിഎല്‍. അടിയന്തിരമായി ലഭ്യമാക്കും. കോവിഡിന്റെ മൂന്നാം തരംഗം കണക്കിലെടുത്ത് പീഡിയാട്രിക് ചികിത്സാ വിഭാഗം, ഐസിയു എന്നിവ ശക്തീകരിക്കുന്നതാണ്.
വിവിധ മെഡിക്കല്‍ കോളജുകളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റുകളില്‍ ജോലി ചെയ്യുന്നവരെ തിരികെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. വര്‍ക്കിംഗ് അറേഞ്ച്മെന്റ് പൂര്‍ണമായും അവസാനിപ്പിച്ച് നിയമനം നടത്താന്‍ തീരുമാനിച്ചു. എംപ്ലോയ്മെന്റ് വഴി നിയമിക്കേണ്ട പാര്‍ട്ട്ടൈം സ്വീപ്പര്‍മാരുടെ നിയമനം നടത്തി. നഴ്സിംഗ് അസിസ്റ്റുമാര്‍ക്ക് അന്തര്‍ ജില്ലാ സ്ഥലംമാറ്റം നല്‍കി നിയമനം നടത്തിയിട്ടുണ്ട്. അക്കാഡമിക് ബ്ലോക്കിന്റെ നിര്‍മാണം വേഗത്തിലാക്കും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതാണ്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കോളജ് ബസ് നല്‍കുവാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം വിലയിരുത്തി വകുപ്പ് മേധാവികളുടേയും, നിര്‍മാണവും അനുബന്ധ സജ്ജീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടേയും യോഗങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, കെഎംഎസ്‌സിഎല്‍ എംഡി ബാലമുരളി, എഡിഎം. അലക്സ് പി. തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. റോയി, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാര്‍ വിവിധ വകുപ്പ് മേധാവികള്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.