Trending Now

സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2022 ജൂലൈ മാസം കമ്മീഷന്‍ ചെയ്യുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സീതത്തോട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണ പ്രവര്‍ത്തനം ഒന്‍പത് കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.

2019 മാർച്ചിൽ പദ്ധതി കമ്മീഷൻ ചെയ്യണമെന്നായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി പ്രവർത്തനത്തിൽ കാലതാമസമുണ്ടായി.
കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട് രണ്ടാം ഘട്ടത്തിനായി 120 കോടി രൂപ അനുവദിപ്പിച്ചു.രണ്ടാം ഘട്ടത്തിൻ്റെ നിർമ്മാണ പ്രവര്‍ത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പ്ലാപ്പള്ളി – ആങ്ങമൂഴി ഭാഗത്തെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സീതത്തോട് – ആങ്ങമൂഴി ഭാഗത്തിന്റെയും പ്ലാപ്പള്ളി – നിലയ്ക്കല്‍ ഭാഗത്തിന്റെയും റോഡിന്റെയും ഡിസ്ട്രിബ്യൂഷന്‍ ലൈനിന്റെയും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ചും വനം വകുപ്പുമായി ബന്ധപ്പെട്ടുമുള്ള പ്രശ്‌നം പരിഹരിക്കുകയുണ്ടായി.
ഭൂമി വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട്, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാറും അഡ്വ. പ്രമോദ് നാരായണും ചേര്‍ന്ന് സമയബന്ധിതമായി പരിഹാരം കണ്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് 15 ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കണം.

ശബരിമല തീര്‍ഥാടകര്‍ക്ക് ശാശ്വതമായി കുടിവെള്ളം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് കാലതാമസമുണ്ടാകാന്‍ പാടില്ല. ചില സാങ്കേതിക തടസം നേരിട്ടതിനാലാണ് യോഗം വിളിച്ചത്.
ഓരോ മാസവും പ്രവര്‍ത്തന പുരോഗതിയുടെ റിപ്പോര്‍ട്ട് എംഎല്‍എമാര്‍ക്ക് കൈമാറി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന കരാറുകാരനുമായി ചര്‍ച്ച നടത്തി പ്രവര്‍ത്തനം വേഗത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൃത്യമായ കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണം. ഇതോടൊപ്പം പമ്പയില്‍ കുടിവെള്ള ടാങ്ക് നിര്‍മിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ അഡ്വ.കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. പ്രമോദ്, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ എസ്. സേതുകുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. വിനു, എഎക്‌സ്ഇ ബി. ശ്രീലത, എഇ ഷാജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!