ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു. ഇതിനായി മുൻ പോലീസ് ഡി.ജി.പി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിയെ നിയമിക്കും.
സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന മുഴുവൻ തിരുവാഭരണങ്ങളും സ്വർണം ഉൾപ്പെടെയുള്ള ബാക്കി വസ്തുക്കളും പരിശോധിക്കുന്നത്. 1954ന് ശേഷം ഇങ്ങനെയൊരു സമഗ്രമായ പരിശോധന നടന്നിട്ടില്ല.
ശബരിമല ഉൾപ്പെടെ പതിനേഴ് മഹാക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. മിക്കയിടത്തും അമൂല്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കെടുപ്പുണ്ടാകും. അമൂല്യ വസ്തുക്കളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. നിത്യപൂജയ്ക്ക് ഉപയോഗിക്കാത്ത ആഭരണങ്ങളും മറ്റും ദേവസ്വം ബോർഡ് ഒരു കേന്ദ്രത്തിൽ സ്‌ട്രോംഗ് റൂമുണ്ടാക്കി സൂക്ഷിക്കും. ഇതു സംബന്ധിച്ച രേഖകൾ സി.ഡിയിലാക്കി അതത് ക്ഷേത്ര അധികാരികളെ ഏല്പിക്കും. ഇതോടൊപ്പം പൗരാണിക പ്രാധാന്യമുള്ള ശില്പങ്ങൾ, പഴയ പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ, തിടമ്പുകൾ എന്നിവയെല്ലാം ശേഖരിച്ച് അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കും.