പത്തനംതിട്ട ജില്ലയെ സീറോ സിക്ക പ്രദേശമാക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയെ സീറോ സിക്ക രോഗബാധിത പ്രദേശമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. സിക്ക രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
നിലവില്‍ ജില്ലയില്‍ സിക്ക രോഗബാധ ആര്‍ക്കുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിക്ക പ്രതിരോധത്തിലൂടെ മറ്റു പ്രാണിജന്യ രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ സാധിക്കുകയുള്ളു. സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായ നടത്താന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം. എല്ലാ ജനപ്രതിനിധികളെയും കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തണം. തോട്ടങ്ങള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രി കടകള്‍, അടഞ്ഞു കിടക്കുന്ന വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോകണം. ഗര്‍ഭിണികള്‍ക്ക് സിക്ക രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കണം.
കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലും പണി സ്ഥലങ്ങളിലും ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. ഉറവിട നശീകരണം വളരെ പ്രധാനമായതിനാല്‍ തന്നെ അവ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സിക്ക പ്രതിരോധത്തില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളും ഉര്‍ജ്ജിതമാക്കണം. കൊതുക് നശീകരണത്തിനു ധൂമസന്ധ്യ പോലെയുള്ള ആയുര്‍വേദ പ്രതിരോധ രീതികള്‍ ഫലം കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കണം.
ജില്ലയിലെ ഐസിഡിഎസ് പ്രവര്‍ത്തകരും സിക്ക പ്രതിരോധത്തില്‍ പങ്കാളികളാകണം. എസ്.പി.സി, എന്‍.സി.സി എന്നിവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തണം. കുട്ടികള്‍ക്കായി കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പൊതുജനങ്ങളുടെയും കുടുംബങ്ങളുടെയും സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാകുകയുള്ളു. അതിനാല്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടര്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയില്‍ സീറോ സിക്ക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഉടന്‍ തന്നെ സര്‍ക്കാരിലേക്കു സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. സി.എസ് നന്ദിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ബിജുകുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.