Trending Now

ചെങ്ങറ സമര ഭൂമിയിലെ കച്ചവട സ്ഥാപനം പൊളിച്ച് നീക്കിയെന്ന്  പരാതി

ചെങ്ങറ സമര ഭൂമിയിലെ കച്ചവട സ്ഥാപനം പൊളിച്ച് നീക്കിയെന്ന്  പരാതി

കോന്നി വാര്‍ത്ത ഡോട്ട് കോം : – സി പി ഐ പ്രവർത്തകയുടെ നിർമ്മാണത്തിലിരുന്ന കച്ചവട സ്ഥാപനം ഡി എച്ച് ആർ എം പ്രവർത്തകർ പൊളിച്ച് നീക്കി.ചെങ്ങറ സമര ഭൂമിയിലെ താമസക്കാരിയായ ചരുവിള പുത്തൻവീട്ടിൽ പി രമണിയുടെ ഉടമസ്ഥതയിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന വ്യാപാര സ്ഥാപനമാണ് ഡി എച്ച് ആർ എം പ്രവർത്തകർ ബല പ്രയോഗത്തിലൂടെ പൊളിച്ച് നീക്കിയത്.

ചെങ്ങറ സമര ഭൂമിയിൽ താമസക്കാരിയായ രമണിക്ക് അൻപത് സെൻ്റ് ഭൂമി സർക്കാർ അനുവദിച്ചിരുന്നു.എന്നാൽ ഇത് വാസയോഗ്യമല്ലാത്ത ഭൂമിയായതിനാൽ ഇവർക്ക് ഇവിടെ നിന്ന് മാറി താമസിക്കുവാൻ കഴിഞ്ഞിരുന്നില്ല.ഇതിനാൽ പതിനഞ്ച് വർഷമായി ഇവർ സമര ഭൂമിയിൽ താമസിക്കുന്നു.മലപ്പുറത്ത് ഹോംനഴ്സായി ജോലി ചെയ്ത് വന്നിരുന്ന ഇവർ കൊവിഡ് വ്യാപനം മൂലം ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. രണ്ട് മക്കളിൽ ഒരാൾ മരണപ്പെടുകയും ഒരാൾ വാഹനാപകടത്തെ തുടർന്ന് ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.ഉപജീവനത്തിന് മറ്റ് മാർഗമില്ലാത്തതിനാൽ ഇവർ സമര ഭൂമിയുടെ ഒന്നാം കവാടത്തിൽ നിർമ്മിച്ച കടയാണ് ഡി എച്ച് ആർ എം പ്രവർത്തകർ അക്രമത്തിലൂടെ പൊളിച്ചുനീക്കിയത്.

കട നിർമ്മിക്കുന്നതിനെതിരെ പൊളിച്ച് നീക്കിയവർ വില്ലേജ് ഓഫീസിൽ പരാതി നൽകിയതിനെ തുടർന്ന് നിർമ്മാണം തടസപ്പെടുത്തിയെങ്കിലും കോന്നി തഹൽസീദാർ അനുമതി നൽകിയതിനെ തുടർന്ന് നിർമ്മാണം ആരംഭിച്ച കടയാണ് ഡി എച്ച് ആർ എം പ്രവർത്തകർ പൊളിച്ച് നീക്കിയത്.ഡി എച്ച് ആർ എം നേതാക്കളായ ചെരിപ്പിട്ടകാവ് ബേബി,പി കെ ബാബു തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ ഉള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പി രമണി പറഞ്ഞു.കട അക്രമിച്ച് പൊളിച്ചതിന് ശേഷം സിമൻ്റ് കട്ടകൾ അടക്കം പൊളിച്ച് സമീപത്തെ തോട്ടിൽ വലിച്ചെറിയുകയും ചെയ്തു.

കടയിലെ പാത്രങ്ങളും മറ്റും നശിപ്പിക്കുകയും രമണിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു.ഇവരെ ബലമായി പിടിച്ച് തള്ളിയതിന് ശേഷം നിലത്ത് വീണ രമണിയെ ഇവർ പാറകഷ്ണം കൊണ്ട് തലയ്ക്ക് ഇടിച്ച് പരുക്കേൽപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.അക്രമികളിൽ നിന്ന് ഓടി രക്ഷപെട്ടതിനെ തുടർന്നാണ് ഇവരുടെ ജീവൻ രക്ഷിക്കാനായത്.ഭൂമി അനുവദിച്ച് നൽകിയവരും പട്ടയം ലഭിച്ചവരും അടക്കം അക്രമിച്ചവരുടെ ഇടയിൽ ഉണ്ട്‌.വിഷയത്തിൽ പത്തനംതിട്ട വനിതാ സി ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഇവർ പരാതി സമർപ്പിച്ചിട്ടും അന്വേഷണം ഊർജിതമാക്കുന്നില്ലന്നും ആക്ഷേപമുണ്ട്.

അൻപതിനായിരത്തിലധികം രൂപയുടെ നഷ്ടമാണ് അക്രമകാരികൾ വരുത്തിയത്.ഇവരെ പലപ്പോഴും ഇവർ ഭീഷണി പെടുത്താറുണ്ടെന്നും പറയുന്നു. വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി പി ഐ കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ /കോന്നി വാര്‍ത്ത 

 

error: Content is protected !!