കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ – ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ് മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഡിസംബര്‍ മാസത്തിനകം കൂടല്‍ – ആനയടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ചേംബറില്‍, അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
109 കോടി രൂപ നിര്‍മാണ ചെലവില്‍ കൂടല്‍ മുതല്‍ ആനയടി വരെ 35 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നത്. മാവേലിക്കര മെറ്റാ ഗാര്‍ഡ് എന്ന നിര്‍മാണ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണിത്. ടാറിംഗ് ജോലികള്‍ ജൂണ്‍ 24ന് ആരംഭിക്കും. ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള പണം കൈമാറിയിട്ടുണ്ട്. ഈ മാസം 20 ന് ടെന്‍ഡര്‍ നടക്കും. വാട്ടര്‍ അതോറിറ്റി നടത്തേണ്ട ജോലികളും ഉടന്‍ പൂര്‍ത്തിയാക്കും.
പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്‍, കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ കര്‍മ്മലിറ്റ ഡിക്രൂസ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി.വിനു, അസി.എക്‌സി. എന്‍ജിനിയര്‍ ബി. ബിനു, കിഫ്ബി, കെഎസ്ഇബി, കേരളാ വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.