കോന്നി വാര്‍ത്ത ഡോട്ട് കോം : മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതു കൊണ്ടാണ് മാസ്‌ക്ക് ഉപയോഗിക്കുമ്പോള്‍ കണ്ണടകളില്‍ കൂടുതലായി മൂടല്‍ അനുഭവപ്പെടുന്നതെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ രണ്ടാം തരംഗക്കാലത്ത് കൃത്യമായി മാസ്‌ക്ക് ധരിക്കുന്നതിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കാനാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഇരട്ട മാസ്‌ക്ക് ധരിച്ചതു കൊണ്ടു മാത്രമായില്ല, അതു ധരിക്കുന്നതു കൃത്യമായിട്ടാണെന്ന് ഉറപ്പാക്കുക കൂടി വേണമെന്ന് രോഗ പ്രതിരോധ ശേഷിയെ കുറിച്ചു ഗവേഷണം നടത്തുന്ന ഡോ. വി എം മനോജ് ആഹ്വാനം ചെയ്തു. വിപണിയില്‍ എത്തുന്ന സുരക്ഷയില്ലാത്ത മാസ്‌ക്കുകളെ കുറിച്ചു കരുതിയിരിക്കണമെന്നും മനോജ് മുന്നറിയിപ്പു നല്‍കി.
വിദ്യാ സമ്പന്നരും മാസ്‌ക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവുള്ളവരും പോലും കൃത്യമായി മാസ്‌ക്ക് ധരിക്കുന്നതില്‍ വിമുഖത കാട്ടുന്നുണ്ടെന്ന് കൊച്ചി ഹെറിറ്റേജ് പ്രസിഡന്റ് അഡ്വ. ജയരാജ് പയസ് ചൂണ്ടിക്കാട്ടി.
ഇത്രയേറെ ബോധവല്‍ക്കരണം നടത്തിയിട്ടും മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ പതിനായിരത്തിലേറെ പേര്‍ നിയമ നടപടികള്‍ക്കു വിധേയരാകേണ്ടി വരുന്നു എന്നത് ഖേദകരമാണെന്ന് ഹാര്‍ട്ട് ആന്റ് ഹാന്‍ഡ്‌സ് അധ്യക്ഷന്‍ ശ്രീ രഞ്ജിത്ത് കരുണാകരന്‍ പറഞ്ഞു.
ഹാര്‍ട്ട് ആന്റ് ഹാന്‍ഡ്‌സ് ജനറല്‍ സെക്രട്ടറി ശ്രീ കെ കെ സുദേവ് കുന്നംവീട്ടില്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ശ്രീ എം സ്മിതി തുടങ്ങിയവരും സംസാരിച്ചു. ഹാര്‍ട്ട് ആന്റ് ഹാന്‍ഡ്‌സ് ഫൗണ്ടേഷന്‍, കൊച്ചി ഹെറിറ്റേജ് എന്നിവയുടെ സഹകരണത്തോടെ പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ആണ് വെബിനാര്‍ സംഘടിപ്പിച്ചത്.