Trending Now

കരുതല്‍ ജനകീയ മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചു;ആദ്യദിനം ജില്ലയിലെ തൊഴിലിടങ്ങള്‍ ശുചീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ആദ്യദിനം പത്തനംതിട്ട ജില്ലയിലെ തൊഴിലിടങ്ങളും ഓഫീസുകളും സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരും അംഗങ്ങളും സെക്രട്ടറിമാരും, മറ്റ് സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികളും ഉടമകളും ശുചീകരണത്തിന് നേതൃത്വം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്, ശുചിത്വ മിഷന്‍ അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും തിരുവല്ല ക്രിസ് ഗ്ലോബലിന്റെ ഹരിത സഹായ സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കി. മണ്ണില്‍ അലിഞ്ഞുചേരാത്ത വസ്തുക്കള്‍ പ്രത്യേകം നീക്കം ചെയ്തു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നിലെ റോഡ് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശുചീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മൂന്നു ദിവസമാണ് ജനകീയ ശുചീകരണം നടത്തുന്നത്. (ശനിയാഴ്ച്ച) പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലും ശുചീകരണം നടക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാലരോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കി പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
കോഴഞ്ചേരി തഹസില്‍ദാര്‍ കെ.മധുസൂധനന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി താലൂക്ക് ഓഫീസും പരിസരവും ശുചീകരിച്ചു. മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി.ജയിംസിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി താലൂക്ക് ഓഫീസും പരിസരവും ശുചീകരിച്ചു.

മഴക്കാല പൂര്‍വ ജനകീയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ല താലൂക്ക് ഓഫീസും പരിസരവും തഹസില്‍ദാര്‍ ഡി.സി ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. താലൂക്ക് ഓഫീസിലെ 25 ഓളം ഉദ്യോഗസ്ഥര്‍ ശുചീകരണത്തില്‍ പങ്കാളികളായി. അഞ്ച് ടീമുകളായി തിരിഞ്ഞ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്യോഗസ്ഥര്‍ ഓഫീസ് ശുചീകരിച്ചത്.

റാന്നി താലൂക്കില്‍ തഹസില്‍ദാര്‍ രമ്യാ നമ്പൂതിരിയുടെ നേതൃത്വത്തിലും അടൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോണ്‍ സാമിന്റെ നേതൃത്വത്തിലും കോന്നി താലൂക്കില്‍ തഹസില്‍ദാര്‍ കെ.എസ്.നസിയയുടെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

error: Content is protected !!