കോവിഡ് പ്രതിരോധം: ലോക്ക്ഡൗണില്‍ ഭക്ഷണമൊരുക്കി നല്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ പത്തനംതിട്ട നഗരസഭയുടെ സഹായത്തോടെ ആരംഭിച്ച സാമൂഹിക അടുക്കള ലോക്ക്ഡൗണിലും ധാരാളം പേര്‍ക്ക് ആശ്രയമാകുന്നു. വെട്ടിപ്പുറം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയിലൂടെ സൗജന്യമായി ഇതുവരെ 6900 ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്തിട്ടുള്ളത്.
സ്പോര്‍ട്സ് കൗണ്‍സില്‍ ഇരവിപേരൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാചകക്കാരായ മൂന്നു പേര്‍ക്കൊപ്പം പുറത്തുനിന്നുള്ള മൂന്നുപേരും ചേര്‍ന്ന് 23 ദിവസമായി പ്രവര്‍ത്തിച്ചുവരുന്ന അടുക്കളയില്‍ ആറുപേരാണ് വിഭവങ്ങള്‍ തയാറാക്കുന്നത്.
കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, വാക്സിനേഷന് സെന്ററിലെ ഉദ്യോഗസ്ഥര്‍, നിരാലംബരായവര്‍, അവശ്യ സര്‍വീസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നഗരത്തിലെ ചുമട്ടുതൊഴിലാളികള്‍, വരുമാനം നിലച്ച പീടിക കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് സ്പോര്‍ട് കൗണ്‍സിലിന്റെ അടുക്കളയില്‍നിന്ന് ഭക്ഷണം എത്തുന്നത്.
ചോറ്, ബിരിയാണി, ഫ്രൈഡ്റൈസ്, കപ്പ എന്നിങ്ങനെ രുചിയേറിയ വിഭവങ്ങളാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അടുക്കളയില്‍നിന്നും ഭക്ഷണ പൊതികളായി ആവശ്യക്കാരിലേക്ക് കരുതലിന്റെ പ്രതീകമായി എത്തുന്നത്. നഗരസഭയിലെ ആറ് വാര്‍ഡുകള്‍, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, ഹോക്കി മാസ്റ്റേഴ്സ് അസോസിയേഷന്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഗള്‍ഫ് മലയാളി അസോസിയേഷന്, ജെ.സി.ഐ ക്യൂന്‍സ്, സന്നദ്ധപ്രവര്‍ത്തകര്‍, വ്യക്തികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമൂഹ അടുക്കളയ്ക്കായി സഹായം ലഭിച്ചതായും ഇനിയും അടുക്കളയിലേക്ക് സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും പത്തനംതിട്ട സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഏറെ സജീവമായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണില്‍ 52 ദിവസങ്ങളിലായി ഇവിടെനിന്നും 18200 ഭക്ഷണപൊതികളാണ് വിതരണം നടത്തിയത്.