Trending Now

പത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി

പത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം
വിലയിരുത്തി ആരോഗ്യ മന്ത്രി

കോവിഡ്-മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ഒരേ ജാഗ്രതയോടെ നടത്തണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്‍പായി കൂടുതല്‍ സൗകര്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തണം. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന ഉറപ്പ് വരുത്തണം. രോഗികളായി കണ്ടെത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എല്ലാ വകുപ്പുകളുടെയും ഏകോപനം കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരിക്കണം. ജൂണ്‍ അഞ്ചിനും ആറിനും നടത്തുന്ന ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലും വിജയകരമാക്കണം. ഫയര്‍ഫോഴ്സിന്റെയും മറ്റ് വകുപ്പുകളുടെയും എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. പ്രതിരോധ പ്രവര്‍ത്തനത്തിനായി റബര്‍ ഡിങ്കി, ബോട്ട് എന്നിവ കൂടുതലായി കണ്ടെത്തണം. മണ്‍സൂണിന് മുന്നോടിയായി ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പു വരുത്തണം. വൈദ്യുതി തടസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. കോവിഡ് രോഗികള്‍ കഴിയുന്ന കേന്ദ്രങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലും വൈദ്യുതി വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓട, തോട് എന്നിവിടങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യണം. കൃഷി നാശം, കന്നുകാലികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം. റോഡുകള്‍ മുന്‍ഗണന നല്‍കി ഗുണനിലവാരം ഉറപ്പാക്കി പൂര്‍ത്തിയാക്കണം. മഴക്കാലത്തിനു മുന്നോടിയായുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഭക്ഷണം, ജലം എന്നിവ ശുദ്ധമായതാണെന്ന് ഉറപ്പ് വരുത്തണം. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, പിപിഇ കിറ്റ് എന്നിവയുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം.
കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കണം. പാഠപുസ്തക വിതരണം പൂര്‍ത്തീകരിക്കണം. അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പൂഴ്ത്തി വയ്പുകള്‍, അമിതവില എന്നിവ അനുവദിക്കില്ല. വ്യാജവാര്‍ത്തകള്‍ തടയണം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. എന്‍എച്ച്എം ഫണ്ട് ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
നിയുക്ത ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഴക്കാല മുന്നൊരുക്കവും കോവിഡ് പ്രതിരോധവും
വിലയിരുത്തി ജനപ്രതിധികള്‍

നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് റേഷന്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ പെര്‍ഫോമ കൃത്യമായി പൂരിപ്പിച്ചു നല്‍കി ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും വേഗത്തില്‍ നല്‍കണമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിയുക്ത ഡെപ്യുട്ടി സ്പീക്കര്‍.
പറക്കോട് – ഐവറകാല, പാക്കോട്-കൊടുമണ്‍, ഇവി റോഡ്, കരുവാറ്റ – തട്ട റോഡ് എന്നിവ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി. അടൂര്‍ ടൗണിലെ ഓട, പാര്‍ഥസാരഥി റോഡ് എന്നിവയും നന്നാക്കണം. കൈപ്പട്ടൂര്‍ റോഡില്‍ കൊടുമണ്‍ മുതല്‍ ഇടത്തിട്ട വരെയുള്ള റോഡ് തകര്‍ന്നു കിടക്കുകയാണ്. അവ സഞ്ചാരയോഗ്യമാക്കാനും നിര്‍ദേശം നല്‍കി. പന്തളം ഫാം, കരിങ്ങാലി പുഞ്ച എന്നിവിടങ്ങളില്‍ കാര്‍ഷിക നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണം. പിഡബ്ല്യുഡി, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി തോടുകള്‍ നവീകരിക്കണം. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ ആരംഭിക്കണമെന്നും നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അധിക ക്യാമ്പുകള്‍ കണ്ടെത്തണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ എവിടെയൊക്കെ തുടങ്ങണം എന്ന് നേരത്തെ കണ്ടെത്തണം. ക്യാമ്പുകുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.
മഴക്കാല പ്രതിരോധ പ്രവര്‍ത്തനത്തില്‍ റവന്യൂ വകുപ്പിലെ താഴേത്തട്ടിലുള്ള ജീവനക്കാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
നിര്‍ദേശിച്ചു. കോന്നി പൊന്തനാംകുഴിയിലെ 32 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഉടന്‍ യോഗം ചേരും. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആന്റിജന്‍ ടെസ്റ്റ് ഉറപ്പ് വരുത്തണമെന്നും എംഎല്‍എ പറഞ്ഞു.
വെള്ളപ്പൊക്ക ഭീഷണി നിലവിലുള്ള സ്ഥലമായ റാന്നിയില്‍ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ദുരന്തനിവാരണ വകുപ്പില്‍ നിന്ന് നല്‍കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാതലം മുതല്‍ വില്ലേജ് തലം വരെയുള്ള എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം. മണ്ഡലത്തില്‍ ഫ്ളഡ് മാപ്പിംഗ് ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം. ദുരന്തനിവാരണ സേനയുടെ ഒരു ടീമിനെ റാന്നി മണ്ഡലത്തില്‍ നിയോഗിക്കണം. ആദിവാസി കോളനികളിലുള്ള ജനങ്ങള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് മാര്‍ച്ച് മാസത്തില്‍ തന്നെ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓണ്‍ലൈന്‍ പ്രവേശനോത്സവമാണെങ്കിലും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളിലെ ടോയ്ലറ്റുകള്‍ ജില്ലാ പഞ്ചായത്ത് നേരിട്ടും, പഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകള്‍ പഞ്ചായത്തും ശുചീകരിക്കും. ഓടകളുടെ സ്ലാബിനു മുകളില്‍ അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് പൊതുമരാമത്ത് നിരത്തു വിഭാഗം നോട്ടീസ് നല്‍കണം. ജൂണ്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനകീയ ശുചീകരണ പരിപാടി മികച്ച രീതിയില്‍ ജില്ലയില്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാലവര്‍ഷത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിലവില്‍ ഡാമുകളിലുള്ള ജലനിരപ്പ് ഉയര്‍ന്ന നിലയിലാണുള്ളത്. ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം(ഐആര്‍എസ്), ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി),
സന്നദ്ധസേന, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കണം. ക്യാമ്പുകള്‍ക്കൊപ്പം തന്നെ കോവിഡ് പരിശോധയും ഉറപ്പ് വരുത്തണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കണം. പഞ്ചായത്തുകള്‍ മാലിന്യം കെട്ടിക്കിടക്കുന്ന തോട്, ഓട എന്നിവ വൃത്തിയാക്കാന്‍ മുന്‍കൈ എടുക്കണം. നദികളിലെ ജലനിരപ്പ് കൃത്യസമയത്ത് നിശ്ചിത സമയങ്ങളില്‍ ലഭ്യമാക്കണം. ഇത് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സാധിക്കും. നദികളിലെ ജലനിരപ്പ് മനസിലാക്കുന്നതിനൊപ്പം തൊട്ടടുത്ത ജില്ലയില്‍ ലഭിക്കുന്ന മഴയുടെ അളവും ശേഖരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

error: Content is protected !!