konni vartha.com : സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിൽ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.
എല്ലാ ജില്ലകളിലും മേയ് 31 മുതൽ ജൂൺ ഒൻപതു വരെ ലോക്ക്ഡൗൺ തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവെ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ ലോക്ക്ഡൗണിൽ ചില ഇളവുകൾ നൽകും.
എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയർ, കശുവണ്ടി മുതലായവ ഉൾപ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തിൽ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാം.
വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങൾ/കടകൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5.00 മണിവരെ തുറന്നു പ്രവർത്തിക്കാം.
ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീർഘിപ്പിക്കും.
വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയിൽ, സ്വർണ്ണം, പാദരക്ഷ എന്നിവയുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
കള്ളുഷാപ്പുകളിൽ കള്ള് പാഴ്സലായി നൽകാൻ അനുമതി നൽകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകണം പ്രവർത്തിക്കേണ്ടത്. പാഴ് വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകി അത് മാറ്റാൻ അനുവദിക്കും.
ആർഡി കളക്ഷൻ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസിൽ കാശടക്കാൻ ആഴ്ചയിൽ രണ്ടു ദിവസം അനുമതി നൽകും. വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ വണ്ടികൾ ഓടിക്കും.
നിയമന ഉത്തരവ് ലഭിച്ചവർ ഓഫീസുകളിൽ ജോയിൻ ചെയ്യാൻ കാത്തു നിൽക്കുന്നുണ്ട്. ഇപ്പോൾ ഓഫീസുകൾ പ്രവർത്തിക്കുന്നവർക്ക് ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിൽ താഴെ കൊണ്ടുവരിക എന്നതായിരുന്നു. ഇന്നലെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷമാക്കി കുറയ്ക്കാൻ സാധിച്ചു.
സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്.
തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയിൽ ടിപിആർ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ) 23ന് 31.53 ശതമാനത്തിലേക്ക് ഉയർന്നിരുന്നത്. ഇപ്പോൾ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിൽ മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി. അവിടെ ലോക്ക്ഡൗൺ തുടരുമെന്നും. കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.