കോന്നി വാര്ത്ത ഡോട്ട് കോം : ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കോന്നി പ്രിൻസിപ്പൽ എസ് ഐ അകാരണമായി പരാക്രമം നടത്തുകയും വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി .
കോന്നി മങ്ങാരം പുളിക്കപ്പതാലിൽ വീട്ടിൽ മുഹമ്മദ് അജീസ്സാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയത് .മുഹമ്മദ് അജീസ്സിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കുറച്ച് ദിവസമായി സുഹൃത്താണ് ഉപയോഗിച്ച് വന്നിരുന്നത്.എന്നാൽ കഴിഞ്ഞ 24ന് തിങ്കളാഴ്ച്ച രാത്രി ഈ ബൈക്ക് കോന്നി പൊലീസ് കൈകാണിച്ച് നിർത്തുകയും പേരും ഫോൺനമ്പറും എഴുതി വാങ്ങുകയും ചെയ്തിരുന്നു.തുടർന്ന് അടുത്ത ദിവസം കോന്നി പ്രിൻസിപ്പൽ എസ് ഐ ബാബു കുറുപ്പ് പരാതിക്കാരൻ മുഹമ്മദ് അജീസിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞ ശേഷം വീട്ടിൽ എത്തുകയും വാഹനത്തിന്റെ ആർ സി ഓണർ മുഹമ്മദ് അജീസാണെന്ന് പറഞ്ഞ് പുറത്ത് അടിക്കുകയും അജീസിനെ പിടിച്ച് വലിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയും കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം വീടിനകത്തേക്ക് കയറിപ്പോയ അജീസ്സിന്റെ ഭാര്യയുടെ ഫോട്ടോ എസ് ഐ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എസ് ഐ യുടെ പരാക്രമത്തെ തുടർന്ന് അഞ്ച് വയസുകാരിയായ മകൾ ഭയന്ന് നിലവിളിക്കുകയും ചെയ്തു .സംഭവത്തിന് ശേഷം ശരീരത്തിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .പത്തനംതിട്ട ജില്ലാ ഓൾ കേരള സ്പോർട്സ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അജീസ്.സംഭവത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവാവ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.