Trending Now

അടൂരിന്‍റെ സ്വന്തം ചിറ്റയം ഗോപകുമാര്‍ ഇനി കേരളത്തിന്‍റെ ഡെപ്യൂട്ടി സ്പീക്കർ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരില്‍ നിന്നും ഹാട്രിക് വിജയത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടിയെത്തിയത് ഡെപ്യൂട്ടി സ്പീക്കർ പദവി. പത്തനംതിട്ട ജില്ലയ്ക്കും അഭിമാന നിമിഷം .

കഴിഞ്ഞ പത്ത് വര്‍ഷക്കാലം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെ.ജി. ഗോപകുമാര്‍ എഐഎസ്എഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1995 ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത്. 2009 ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു. സംവരണ മണ്ഡലമായ അടൂരില്‍ 2011ല്‍ ആദ്യ അങ്കത്തിനിറങ്ങിയ ചിറ്റയം കോണ്‍ഗ്രസിലെ പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് എംഎല്‍എ ആയത്. തുടര്‍ന്ന് 2016ല്‍ കെ.കെ. ഷാജുവിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു.
നിലവില്‍ കേരളസര്‍വകലാശാല സെനറ്റ് അംഗമാണ്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി കശുവണ്ടി തൊഴിലാളി യൂണിയന്‍ കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറിയും, എഐറ്റിയുസി  കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ കമ്മറ്റി അംഗവും, ആശാ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും കെറ്റിഡിസി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും, പട്ടികജാതി കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും, ഇപ്റ്റ, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.
ഭാര്യ : സി. ഷേര്‍ലിഭായി (ഹൈക്കോടതി കോര്‍ട്ട് ഓഫീസര്‍ ആയിരുന്നു, വോളന്ററി റിട്ടയര്‍മെന്റ് എടുത്തു). മക്കള്‍:  എസ്.ജി. അമൃത, അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ എസ്.ജി. അനുജ  തിരുവനന്തപുരം ലോ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി.