Trending Now

മാടമ്പ് കുഞ്ഞുകുട്ടന്‍ (81 )അന്തരിച്ചു

 

 

നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. സാഹിത്യ സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ മരണം.

1941 ജൂണ്‍ 23 ന് തൃശൂര്‍ കിരാലൂരിലാണ് മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരിയുടെ ജനനം. ഭാഷയിലെയും സമൂഹത്തിലെയും വ്യവസ്ഥാപിതമായ രീതികളെ ചോദ്യംചെയ്തുകൊണ്ടുളള എഴുത്തിനുടമ. സംസ്കൃതത്തിനൊപ്പം ആനചികിത്സയിലും വൈദഗ്ധ്യം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ മാടമ്പ് ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. അശ്വത്ഥാമാവിൽ തുടങ്ങി അമൃതസ്യ പുത്രഃ വരെയുള്ള നോവലുകൾ എഴുതി.

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മഹാപ്രസ്ഥാനം, സ്മാർത്തവിചാരത്തിന്റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്ന നോവൽ, കരുണം, ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റ കഥപറഞ്ഞ ദേശാടനം എന്നിവയിലൂടെ മികച്ച തിരക്കഥയ്ക്കുളള ദേശീയ പുരസ്കാരവും മടമ്പിനെ തേടിയെത്തി. എഴുത്തിനൊപ്പം അഭിനയത്തിലും തന്റെതായ വഴി മാടമ്പ് കണ്ടെത്തിയിരുന്നു. ഭ്രഷ്ട്, പരിണയം, കരുണം,മകൾക്ക് തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങളില്‍ തിളങ്ങി.

കെ ആർ മോഹനന്റെ അശ്വധമയിൽ നായകനായി തിളങ്ങി. പിന്നീട് രാഷ്ട്രീയത്തിലേക്കും ചുവട് വച്ചു. ഇടത് പുരോഗമന സഹയാത്രികനായിരുന്ന മാടമ്പ് ബിജെപി സ്ഥാനാർത്ഥിയായി 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് തോറ്റു.