Trending Now

ലോക്ക്ഡൗണ്‍ : പത്തനംതിട്ട ജില്ലയില്‍ പോലീസ് പരിശോധന ശക്തം

 

ലോക്ക്ഡൗണ്‍ രണ്ടുദിവസം കടക്കുമ്പോള്‍, ജില്ലയില്‍ പോലീസ് പരിശോധന ശക്തമായി തുടരുന്നു. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള കര്‍ശന വാഹനപരിശോധ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. തിരക്കൊഴിഞ്ഞ സ്ഥലങ്ങളും റോഡുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിലെ ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും വാഹനപരിശോധന ചുമതലകളിലാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദന്ധങ്ങളും കര്‍ശനമായി പാലിക്കണമെന്നും, അല്ലാത്തവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചരക്കുവാഹനങ്ങളെയും അവശ്യസര്‍വീസുകാരേയും, അടിയന്തിര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരെയും മാത്രമാണ് യാത്ര തുടരാന്‍ അനുവദിക്കുക. അനാവശ്യ യാത്രക്കിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരും.

ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചുള്ള പരിശോധനയാണ് പോലീസ് നടത്തുന്നത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പട്രോളിംഗിന് പുറമെ ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഇടപാടുകാരില്ലാതെ രണ്ടു വരെയും പ്രവര്‍ത്തിക്കാം. വാഹനങ്ങളും, അത്യാവശ്യ ഉപകരണങ്ങളും അറ്റകുറ്റ പണി നടത്തുന്ന ഷോപ്പുകള്‍ക്ക് ശനിയും ഞായറും മാത്രം പ്രവര്‍ത്തിക്കാം

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 165 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്‍പത് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, ഏഴ് കടകള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. വീടുകളില്‍ ക്വാറന്റീനില്‍ കഴിഞ്ഞുവന്നവര്‍ നിബന്ധനകള്‍ ലംഘിച്ചതിന് രണ്ട് കേസ് എടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 1545 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 928 ആളുകള്‍ക്കെതിരെയും പെറ്റികേസ് എടുക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ല വിട്ടുള്ള യാത്ര അടിയന്തിര ആവശ്യങ്ങള്‍ക്കുമാത്രം
മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനവ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഏറ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കൂ. ജില്ല വിട്ടു യാത്രചെയ്യുന്നവര്‍ പോലീസ് നല്‍കുന്ന ഓണ്‍ലൈന്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ക്കും, അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്ത കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി.

അടിയന്തിര യാത്രയ്ക്ക് ഇ പാസ് പ്രയോജനപ്പെടുത്താം
ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തിര യാത്രകള്‍ ചെയ്യുന്നതിന് പോലീസിന്റെ ഓണ്‍ലൈന്‍ പാസ് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ അന്നത്തേക്കുള്ളതും തൊട്ടടുത്ത ദിവസത്തേക്കുള്ളതുമായ അപേക്ഷകളാണ് സ്വീകരിക്കുക. അതുകഴിഞ്ഞുള്ള ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് മുന്‍കൂറായി ചെയ്യാന്‍ കഴിയില്ല. അപേക്ഷ അതതു ജില്ലകളിലെ പോലീസ് കണ്‍ട്രോള്‍ സെന്ററുകളാണ് അംഗീകരിക്കുക. അംഗീകരിച്ചാല്‍ ചെക്ക് സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ക്യൂ ആര്‍ (ക്വിക്ക് റെസ്‌പോണ്‍സ് ) കോഡുള്ള പാസ് ലഭ്യമാകും. ഇത് പരിശോധനക്കിടയില്‍ പോലീസിനെ കാണിക്കാം.
ആവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മറ്റും ഇ പാസ് വേണ്ട. അവരുടെ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരിട്ടോ തൊഴില്‍ ദാതാക്കള്‍ മുഖേനയോ പാസിന് അപേക്ഷിക്കാം. അടിയന്തിര ദീര്‍ഘദൂര യാത്ര ചെയ്യേണ്ടവര്‍ക്കും പാസ് ലഭിക്കും. മരണം, അടുത്തബന്ധുവിന്റെ വിവാഹം, ആശുപത്രിയാത്ര തുടങ്ങി ഒഴിവാക്കാനാവാത്ത ആവശ്യങ്ങളേ അംഗീകരിക്കൂ. ഇ പാസ് സംവിധാനം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഓണ്‍ലൈന്‍ പാസ് ലഭ്യമാകും വരെ സത്യപ്രസ്താവന പ്രയോജനപ്പെടുത്താം. അടിയന്തിരമായി ഇ പാസ് ആവശ്യമുള്ളവര്‍ക്ക് എസ്എച്ച് ഒമാരെ നേരിട്ട് സമീപിക്കാം. ഇരുവശത്തെയും യാത്രയ്ക്കുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള എസ് എച്ച്് ഒ യില്‍ നിന്നും വാങ്ങാം.

അപേക്ഷ സമര്‍പ്പിക്കാന്‍ പോലീസ് സഹായം തേടാം
ഓണ്‍ലൈന്‍ പാസ് കിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കും. അപേക്ഷ പൂരിപ്പിക്കാന്‍ ആവശ്യമായ വിവരങ്ങളായ പേര്, ജനന തീയതി, വിലാസം, വാഹനത്തിന്റെ നമ്പര്‍, ഏതു വാഹനം, സഹയാത്രികന്റെ പേര്, എവിടെ നിന്ന് എങ്ങോട്ട്, യാത്ര തീയതി, യാത്രസ്ഥലം, യാത്രയുടെ ഉദ്ദേശം, തിരികെയെത്തുന്ന തീയതി, സമയം, മൊബൈല്‍ നമ്പര്‍, സ്ഥലം, തിരിച്ചറിയല്‍ രേഖ ഏത്, അതിന്റെ നമ്പര്‍, താമസിക്കുന്ന ജില്ല എന്നിവ പോലീസിനെ അറിയിച്ചാല്‍, പാസ് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായം ഉണ്ടാവുമെന്ന് ജിലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഈ വിശദാംശങ്ങള്‍ 9497976001 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചാല്‍ മതിയാകും.

error: Content is protected !!