കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനം തടയുവാന്‍ പത്തനംതിട്ട ജില്ലയിലെ 16 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍, ആറന്മുള, കോയിപ്പുറം, ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളില്‍ വിവിധ തീയതികളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ, മേയ് ഒന്‍പത് അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ചാണ് കളക്ടര്‍ ഉത്തരവിറക്കിയത്. അഞ്ചോ അതിലധികമോ ആളുകള്‍ ഈ പ്രദേശങ്ങളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുളളതും മുന്‍ ഉത്തരവിലെ ക്രമീകരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമെ ചുവടെ ചേര്‍ക്കുന്ന നിബന്ധനകളും ചേര്‍ത്താണ് ഉത്തരവായിട്ടുള്ളത്.
നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുളള എല്ലാ പഞ്ചായത്തുകളിലും അവശ്യമേഖലയില്‍ ഉള്‍പ്പെടാത്ത എല്ലാ കടകളും അടുത്ത ഒന്‍പത് ദിവസം അടച്ചിടണം. പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുളള എല്ലാ കടകളും ഇക്കാലയളവില്‍ അടച്ചിടേണ്ടതാണ്. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറിയായി മാത്രം ഭക്ഷണം നല്‍കാം. ബാങ്കുകളുടെ സേവനം, ആശുപത്രി, വ്യവസായ ശാലകള്‍, എ.ടി.എം, പെട്രോള്‍ പമ്പ്, ആംബുലന്‍സ് എന്നിവയുടെ പ്രവര്‍ത്തനം, എല്‍.പി.ജി വിതരണം, ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങിയ തടസപ്പെടാന്‍ പാടുള്ളതല്ല. സിനിമ ഹാളുകള്‍, ബാറുകള്‍, സ്‌പോര്‍ട്ട് കോംപ്ലക്‌സുകള്‍, ജിം, സ്പാ, സ്വിമ്മിംഗ് പൂള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. ഹോട്ടലുകള്‍ രാത്രി 7:30 മുമ്പായി അടക്കണം. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകളും നിരോധിച്ചിട്ടുണ്ട്.
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ ഇടങ്ങളിലും കണ്‍ടെയ്ന്‍മെന്റ് സോണുകളിലും എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം. മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം പോലീസ് നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.