Trending Now

കോവിഡ് പരിശോധനാ കാമ്പയിന്‍: രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

 

കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതോടെ രണ്ടു ദിവസത്തെ കാമ്പയിനില്‍ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 15988 ആയി. രണ്ട് ദിവസങ്ങളിലായി 10000 സാമ്പിളുകള്‍ പരിശോധിക്കാന്‍ ലക്ഷ്യമിട്ടിടത്ത് 15988 പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞു.

രണ്ട് ദിവസം നീണ്ടു നിന്ന കാമ്പയിനിലൂടെ കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് ഇതിന്റെ സൂചനയാണ്. വൈറസ് ബാധയുളളവരെ നേരത്തെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നതിലൂടെ രോഗവ്യാപനം തടയുക എന്നതായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, തിരക്കുളള സാഹചര്യങ്ങളില്‍ ഇടപഴകിയവര്‍, രോഗലക്ഷണങ്ങള്‍ ഉളളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ തുടങ്ങി രോഗബാധിതരാകാന്‍ സാധ്യതയുളള എല്ലാവരും തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധനയ്ക്ക് സന്നദ്ധരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.