കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം.
ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും. രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യുന്നെന്ന് അതത് മെഡിക്കല്‍ ഓഫീസര്‍മാരും വാര്‍ഡ്തല സമിതിയും ഉറപ്പുവരുത്തണം.
തിരുവല്ല, റാന്നി എന്നീ താലൂക്കുകളില്‍ പുതിയ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കും. ജില്ലയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) അംഗങ്ങളുടെ സഹായം തേടും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായം ഉപയോഗപ്പെടുത്തും.
കോവിഡിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുജനങ്ങളെ ബോധവത്കരിക്കുകയും പൊതു ഇടങ്ങളിലെ ആളുകളുടെ എണ്ണം ക്രമീകരിക്കുകയും ചെയ്യണം. സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം വര്‍ധിപ്പിക്കാനായി ജില്ലാ കളക്ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ ജനപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ വിവിധയിടങ്ങളിലായി യോഗങ്ങള്‍ ചേരും.
ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ എസ്പി എന്‍. രാജന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫീസര്‍ അനില മാത്യു, പത്തനംതിട്ട സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഡി എം ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.