Trending Now

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി

 

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സന്ദര്‍ശനം നടക്കുന്ന രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ ആളുകള്‍ ഒഴിവാക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കോന്നി ടൗണ്‍ മുതല്‍ പൂങ്കാവ് വരെയുള്ള റോഡില്‍ ഗതാഗതം കര്‍ശനമായ നിയന്ത്രണത്തില്‍ ആയിരിക്കും. അബാന്‍ ജംഗ്ഷനില്‍ നിന്നും റിംഗ് റോഡ് വഴി ഡി.പി.ഒ ജംഗ്ഷന്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, സ്റ്റേഡിയം വഴി അടൂര്‍ ഭാഗത്തേക്കും, തിരിച്ചുള്ള വാഹനങ്ങള്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, ഡി.പി.ഒ ജംഗ്ഷന്‍, റിംഗ് റോഡ് വഴി അബാന്‍ ജംഗ്ഷനില്‍ കൂടി കുമ്പഴ, കോന്നി, പുനലൂര്‍ ഭാഗത്തേക്കും പോകണം. തിരുവല്ല, ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അബാന്‍ ജംഗ്ഷനില്‍ നിന്നും റിംഗ് റോഡ് വഴി ഡി.പി.ഒ ജംഗ്ഷന്‍, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍വഴി പോകണം. പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പൂട്ടി പോകുകയാണെങ്കില്‍ ഡ്രൈവറുടേയോ ഉടമസ്ഥന്റെയോ ഫോണ്‍ നമ്പര്‍ പുറത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.

തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍, ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പത്തനംതിട്ട, കുമ്പഴ, വെട്ടൂര്‍, കോന്നി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ആനക്കൂടിന് മുന്‍വശം വഴി ചപ്പാത്ത് പടിയില്‍ ആളുകളെ ഇറക്കിയ ശേഷം ളാക്കൂര്‍ റോഡിലേക്കുള്ള ജോളി ജംഗ്ഷന് ഇടയ്ക്കുള്ള ഭാഗത്ത് പാര്‍ക്ക് ചെയ്യണം. പരിപാടിക്ക് ശേഷം പൂങ്കാവ് വഴി തിരികെ പോകണം.

പുനലൂര്‍, അടൂര്‍, കൊട്ടാരക്കര, പത്തനാപുരം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ കോന്നി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ഇളകൊള്ളൂര്‍ വഴി തെങ്ങുംകാവ് ജംഗ്ഷനിലെത്തി പ്രവര്‍ത്തകരെ ഇറക്കിയ ശേഷം കുമ്പഴ പുനലൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം. പരിപാടിക്ക് ശേഷം പൂങ്കാവ് വഴി തിരികെ പോകണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!