Trending Now

തണ്ണിത്തോട് പുതിയ കെഎസ്ഇബി സബ് സെന്റര്‍;ആറായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് സഹായകമാകും

 

കോന്നി വാര്‍ത്ത : തണ്ണിത്തോട് മേഖലയിലെ ആറായിരത്തിലധികം ഉപഭോക്താക്കളുടെ വൈദ്യുതി രംഗത്തെ പ്രശ്നത്തിന് പരിഹാരമാകുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി സബ് സെന്ററാണ് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്.

കോന്നി സബ് സ്റ്റേഷന് കീഴിലുള്ള തണ്ണിത്തോട് മേഖലയില്‍ വൈദ്യുതി തടസമുണ്ടായാല്‍ കോന്നിയില്‍നിന്ന് ജീവനക്കാര്‍ എത്തി വേണം പരിഹരിക്കാന്‍. മുമ്പ് വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് ഒരുദിവസം വരെ കാലതാമസം ഉണ്ടാകാറുണ്ട്. തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം, പൂച്ചക്കുളം, മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സബ് സെന്ററിന്റെ സേവനം കൂടുതല്‍ പ്രയോജനപ്പെടുക. കാലങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമായി. 42 ട്രാന്‍സ്ഫോര്‍മറാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്.

സബ് സെന്ററില്‍ നാലു ജീവനക്കാരുടെ സേവനവും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ഓവര്‍സീയര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ ഉണ്ടാകും. എല്ലാവിധ സേവനവും സബ് സെന്ററില്‍ ലഭിക്കും. ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള ഹെല്പ് സെന്ററും പ്രവര്‍ത്തിക്കും. ഉത്തരവിറങ്ങി ഒരാഴ്ചക്കുള്ളില്‍ സബ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാനായി.

വൈദ്യുതി മന്ത്രി എം.എം. മണി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കെ.യു. ജെനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പഞ്ചായത്തംഗം പത്മകുമാരി, എന്‍. ലാലാജി, പ്രവീണ്‍ പ്രസാദ്, കെ. ജെ. ജെയിംസ്, വി.വി. സത്യന്‍, എ.ആര്‍. സ്വഭു എന്നിവര്‍ സംസാരിച്ചു. കെഎസ്ഇബി അസി. എന്‍ജിനിയര്‍ ബിനോ തോമസ് സ്വാഗതവും കെ.എ. ഗിരീഷ് നന്ദിയും പറഞ്ഞു.