Trending Now

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

 

പത്തനംതിട്ടയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകും. ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ 6000 കോടി രൂപയാണ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സിക്കായി മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചു.

കെ.എസ്.ആര്‍.ടി.സിയേയും എംപാനല്‍ ജീവനക്കാരെയും സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്. പുതിയ സര്‍വീസുകള്‍ നടത്താന്‍ വകുപ്പിന് കഴിയണം. അതിലൂടെ വരുമാനം ഉണ്ടാകണം. എതിര്‍പ്പുകളും ആരോപണങ്ങളും ഭയന്ന് പിന്നോട്ട് പോവാനാകില്ല. സംസ്ഥാനത്ത് ദീര്‍ഘദൂര സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ എന്നിവ ഉണ്ടാകണം. ഇതിലൂടെ തൊഴിലാളികളെ സംരക്ഷിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനിടയില്‍ 1,70,000 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഇങ്ങനെ തുടങ്ങിയാല്‍ പതിനായിരത്തോളം ബസ് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാകും. അതിനാല്‍ എല്ലാവരും സൗമനസ്യത്തോടെ കൂടെ നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, മേക്കൊഴൂര്‍, മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക വഴി വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോട് വഴി ആങ്ങമൂഴിക്ക് പോകുന്ന പുതിയ ഓര്‍ഡിനറി ബസ് സര്‍വീസും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ആദ്യനിലയിലെ കടമുറികളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.
വീണാ ജോര്‍ജ് എംഎല്‍എ നല്‍കിയ അപേക്ഷയില്‍ ഉള്‍പ്പെടുന്ന ആവശ്യങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഒന്ന് എല്ലാ മാസവും ചതയദിനത്തില്‍ ശിവഗിരിക്ക് ബസ് സര്‍വീസ് നടത്തണമെന്നതായിരുന്നു. മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്ത് സര്‍വീസ് നടത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിലേക്ക് ബസ് സര്‍വീസ്, പത്തനംതിട്ട- അടൂര്‍ റൂട്ടിലേക്ക് രാത്രി എട്ട് മണിക്ക് സര്‍വീസ് എന്നിവ ആരംഭിക്കുന്നതിന് മന്ത്രി അനുമതി നല്‍കി. എംസി റോഡിലേക്കുള്ള കണക്ടിവിറ്റിയെ സംബന്ധിച്ചും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂള്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സ്‌ക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍, സൗത്ത്സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍, കെഎസ്ആര്‍ടിഇഎ പ്രതിനിധി ജി ഗിരീഷ് കുമാര്‍, ടിഡിഎഫ് പ്രതിനിധി എസ് പ്രദീപ്കുമാര്‍, കെഎസ്ടിഇഎസ് പ്രതിനിധി ബികെ ബാനര്‍ജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടികെജി നായര്‍, മാത്യൂസ് ജോര്‍ജ്, ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണങ്കര, സുമേഷ് ഐശ്വര്യ, ബിജു മുസ്തഫ, ഡിടിഒ റോയ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍
യാഥാര്‍ഥ്യമായി: വീണ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമായെന്ന് വീണ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോ പുതിയ ഓഫീസ് കെട്ടിടത്തിനും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
2009 ലെ ഇടതുപക്ഷ സര്‍ക്കാര്‍ കാലത്ത് മാത്യു ടി.തോമസ് ഗതാഗത വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് തിരുവല്ലയ്ക്കും പത്തനംതിട്ടക്കും ഒരുപോലെ കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തിന് അനുമതി നല്കിയത്. 2015 ല്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നു. ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടിയും എം.എല്‍.എ ഫണ്ടില്‍ നിന്ന് 3.5 കോടി രൂപ അനുവദിച്ചു. കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന തുക കെ.എസ്.ആര്‍.ടി.സി കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. നിര്‍മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് ഒരു എഞ്ചിനീയറെയും രണ്ട് ഓവര്‍സിയര്‍മാരെയും കോര്‍പ്പറേഷന്‍ നിയോഗിക്കുകയും കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകറിന്റെ ആവശ്യ പ്രകാരം, കരാറുകാരനും കോര്‍പ്പറേഷനും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി. പ്രവൃത്തിയുടെ വിലയിരുത്തലിനായി എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു.

എച്ച്എല്‍എല്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും പരിഹരിക്കുകയും ടൈലിംഗ്, പെയിന്റിംഗ് ഉള്‍പ്പടെയുള്ള ബാക്കി എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കുകയായിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓഫീസ് സംവിധാനം പുതിയ കെട്ടിടത്തിലേക്കു മാറി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 2.5 കോടി രൂപ അനുവദിച്ച് കെ.എസ്. ആര്‍.ടി.സിയുടെ മൂന്നു പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. യാര്‍ഡ് നവീകരണവും, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണവും, ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് മേല്‍ക്കുര സ്ഥാപിക്കുന്ന പ്രവൃത്തികളാണ് എം.എല്‍.എ ഫണ്ടില്‍ പൂര്‍ത്തീകരിക്കുന്നതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

error: Content is protected !!