സാന്ത്വന സ്പര്‍ശം അദാലത്ത്: പത്തനംതിട്ട ജില്ലയിലെ രണ്ടാം ദിനം 2409 പരാതികള്‍ പരിഹരിച്ചു;

 

സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. റാന്നി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവര്‍ക്കായി മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോന്നി താലൂക്കില്‍ നിന്ന് 1392 പരാതികളും റാന്നി താലൂക്കില്‍ നിന്ന് 1017 പരാതികളുമാണു ലഭിച്ചത്. അദാലത്ത് ദിനത്തില്‍ കോന്നിയില്‍ നിന്നും 458 പുതിയ പരാതികളും റാന്നിയില്‍ നിന്ന് 248 പരാതികളുമാണു ലഭിച്ചത്. റാന്നി താലൂക്കിലെ ആറ് പട്ടയങ്ങളും, റാന്നി, കോന്നി താലൂക്കുകളിലായി 97 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. കോന്നി താലൂക്കില്‍ 205 പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളും റാന്നിയില്‍ നിന്ന് 30 അപേക്ഷകളും പുതിയതായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
ജീവിതത്തിന്റെ നാനാ മേഖലയിലും ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു. ജപ്തി നടപടി നേരിടുന്നവര്‍, പട്ടയം ലഭിക്കാത്തവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍, കുടിവെള്ള പ്രശ്‌നം തുടങ്ങി വിവിധങ്ങളായ പരാതികള്‍ക്ക് പരിഹാരം കാണാനായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എ.സി മൊയ്തീനെ കൂടാതെ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രനും അദാലത്തിന് നേതൃത്വം നല്‍കി.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നാളെ (ഫെബ്രുരി 18 വ്യാഴം) തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ തിരുവല്ല താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവര്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍.ഡി.ഒ:എസ്.ഹരികുമാര്‍, ഡി.ഡി.പി എസ്.ശ്രീകുമാര്‍ എന്നിവരും ബ്രീഫിംഗില്‍ പങ്കെടുത്തു.

സാന്ത്വന സ്പര്‍ശം അദാലത്ത്:മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 
റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു

കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിനായി ലഭിച്ച 351 അപേക്ഷയില്‍ 332 അപേക്ഷകള്‍ അര്‍ഹതപ്പെട്ടതെന്നു കണ്ടെത്തി തുടര്‍ നടപടിയായി. അദാലത്തിലേക്കു മുന്‍ഗണനാ വിഭാഗത്തില്‍പെടുന്നബി.പി.ല്‍, എ.എ.വൈ കാര്‍ഡുകള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി 351 അപേക്ഷകള്‍ ലഭിച്ചു. ഇങ്ങനെ ലഭിച്ച അപേക്ഷകള്‍ മുഴുവന്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി. ഇതില്‍ 19 അപേക്ഷകര്‍ അര്‍ഹരല്ലെന്നു കണ്ടെത്തുകയും ബാക്കി 332 അര്‍ഹതപ്പെട്ടവരില്‍ 97 പേര്‍ക്ക്മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് എച്ച് എസ് എസില്‍ കാര്‍ഡ് വിതരണം നടത്തി. 97 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ ഏഴ് ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമുണ്ട്. വിതരണം നടത്തിയ 97 റേഷന്‍കാര്‍ഡില്‍ 90 ബി.പി.എല്‍ (പി.എച്ച്.എച്ച്) കാര്‍ഡും ഏഴ് എ.എ.വൈ കാര്‍ഡും ഉള്‍പ്പെടുന്നു. 235 അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ട മൂന്നു പേര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് അദാലത്ത് വേദിയില്‍ മന്ത്രിമാരായ എ.സി മൊയ്തീന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.അദാലത്ത് വേദിയില്‍ മണിമല കിഴക്കേതില്‍ ആനന്ദവല്ലിക്ക് മന്ത്രി എ. കെ ശശീന്ദ്രനും വട്ടത്തകിടിയില്‍ ഈട്ടിമൂട്ടിപടി വത്സലയ്ക്ക് മന്ത്രി എ.സി മൊയ്തീനും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ആദ്യ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ആന്റോ ആന്റണി എം.പി, കെ.യു ജനീഷ്‌കുമാര്‍ എം എല്‍എ, ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത് റെഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു.

സാന്ത്വന സ്പര്‍ശം അദാലത്ത്: ശ്രദ്ധനേടി മികവിന്റെ
അഞ്ച് വര്‍ഷങ്ങള്‍ വീഡിയോ, ഫോട്ടോ പ്രദര്‍ശനങ്ങള്‍

കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘മികവിന്റെ അഞ്ചുവര്‍ഷങ്ങള്‍’ വീഡിയോ പ്രദര്‍ശനവും ചിത്രങ്ങളുടെ പ്രദര്‍ശനവും പ്രത്യേക ശ്രദ്ധനേടി.
മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് എച്ച്.എസ്.എസില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലെ വേദിക്ക് സമീപമാണ് വീഡിയോ വാളും വികസനചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നത്. അദാലത്തിനെത്തിയവര്‍ വീഡിയോ പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും വീക്ഷിച്ചു. റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലെ വികസനങ്ങള്‍ കോര്‍ത്തിണക്കി 22 മിനിറ്റ് ദൈര്‍ഘ്യം വീതമുള്ള രണ്ടു ഡോക്യുമെറ്ററികളാണു പ്രദര്‍ശിപ്പിച്ചത്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയതായിരുന്നു ചിത്രപ്രദര്‍ശനം. നൂറു കണക്കിന് ആളുകളാണ് പ്രദര്‍ശനം വീക്ഷിപ്പിച്ചത്.

ഹന്നയ്ക്ക് ഇനി അന്തിയുറങ്ങാം ചോര്‍ന്നൊലിക്കാത്ത കൂരയില്‍

മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ച പൊട്ടിപൊളിഞ്ഞ വീടിനു പകരം ചോര്‍ന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീട്ടില്‍ ഇനി അന്തിയുറങ്ങാം എന്ന സന്തോഷത്തിലാണ് ഹന്ന ഫാത്തിമയും ബാപ്പയും അദാലത്തില്‍ നിന്നും മടങ്ങിയത്. ബാപ്പ നജീബും ഉമ്മ റംമ്‌ലയും മൂന്നു വയസുകാരി അനുജത്തിയും അടങ്ങുന്നതാണ് കോന്നി മങ്ങാരം പടിഞ്ഞാറ്റിന്‍കര ഹന്നയുടെ കുടുംബം.
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയാണ് 12 വയസുകാരി ഹന്ന ഫാത്തിമ. പരസഹായം കൂടാതെ ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഹന്നയ്ക്ക് ഇടുങ്ങിയ മുറിയുടെ ഇത്തിരി വെളിച്ചത്തില്‍ നിന്ന് ലൈഫ് മിഷനിലൂടെ ആശ്വാസത്തിന്റെ കിരണങ്ങള്‍ നിറഞ്ഞ പുതിയ വീട്ടിലേക്ക് അധികം താമസിയാതെ മാറാന്‍ സാധിക്കും എന്ന ഉറപ്പാണ് അദാലത്തില്‍ നിന്നും ലഭിച്ചത്. അതോടൊപ്പം ഹന്നയുടെ ചികിത്സക്കായി 20,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുകയും ചെയ്തു.

ബിജു വര്‍ഗീസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം

ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്നു പറയുന്നത് സത്യമാ സാറേ… സാന്ത്വനം സ്പര്‍ശം അദാലത്തിനു വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും സഹായം പെട്ടെന്ന് കിട്ടില്ലായിരുന്നു. സര്‍ക്കാരിന് ഒരു പാട് നന്ദിയുണ്ട്… ഇത്രയും പറയുമ്പോള്‍ ബിജു വര്‍ഗ്ഗീസ് സന്തോഷം കൊണ്ട് വിതുമ്പുകയായിരുന്നു. 22 വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തിലാണ് ബിജു വര്‍ഗീസിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റത്. പരുക്കിനേ തുടര്‍ന്ന് കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് ജീവിതം വീല്‍ചെയറിലേക്കു മാറുകയായിരുന്നു.
ഭാര്യ ജൂബി ജോസഫിന് ആറു വര്‍ഷമായി ബ്രയിന്‍ ട്യൂമറാണ്.അഞ്ചാം ക്ലാസുകാരന്‍ കരോള്‍ ആണ് മകന്‍. ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ ചികിത്സക്കും മകന്റെ പഠന ആവശ്യത്തിനും ധനസഹായത്തിനായാണ് ഇവര്‍ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്തിനെത്തിയത്. പരാതി കേട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍ ബിജു വര്‍ഗ്ഗീസിന് അടിയന്തര ചികിത്സാ സഹായമായി 15,000 രൂപയും, ഭാര്യ ജൂബി ജോസഫിന് 10,000 രൂപയും അനുവദിച്ചു. അപേക്ഷയ്‌ക്കൊപ്പം കൊണ്ടുവന്ന എ.പി.എല്‍ റേഷന്‍ കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ബി.പി.എല്‍ കാര്‍ഡ് നല്‍കാനുള്ള നടപടിയും സ്വീകരിച്ചാണ് കുടുംബത്തെ യാത്രയാക്കിയത്.

error: Content is protected !!