Trending Now

മികവിന്‍റെ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിച്ച അഞ്ച് സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജിഎച്ച്എസ്എസ് കോന്നി, ജിഎച്ച്എസ് കോഴഞ്ചേരി, ജിഎച്ച്എസ്എസ് കടപ്ര, ജിഎച്ച്എസ്എസ് ഫോര്‍ ബോയ്‌സ് അടൂര്‍, ജിഎച്ച്എസ്എസ് വെച്ചുച്ചിറ കോളനി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന വിദ്യാലയങ്ങള്‍.

ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഈ വിദ്യാലയങ്ങളില്‍ കിഫ്ബി അഞ്ചു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. എംഎല്‍എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ എന്നിവര്‍ അതാത് മണ്ഡലങ്ങളില്‍ നിര്‍ദേശിച്ച വിദ്യാലയങ്ങളാണ് മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിഫണ്ടില്‍ നിന്നും നല്‍കിയ അഞ്ച് കോടി രൂപയെ കൂടാതെ അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ മൂന്നു കോടി രൂപയും ആറന്മുളയില്‍ വീണാ ജോര്‍ജ് എംഎല്‍എ ഒരു കോടി രൂപയും രാജു എബ്രഹാം എംഎല്‍എ 50 ലക്ഷം രൂപയും മാത്യു ടി തോമസ് എംഎല്‍എ 83 ലക്ഷം രൂപയും മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വിദ്യാലയങ്ങള്‍ക്ക് ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും .
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് ഒപ്പം തന്നെ സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ എംഎല്‍എ മാരോടൊപ്പം ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, വൈസ് പ്രസിഡന്റ് രാജി.പി.രാജപ്പന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ആര്‍.അജയകുമാര്‍, ജിജി മാത്യു, ലേഖാ സുരേഷ്, ബീനാ പ്രഭാ എന്നിവരും പ്രാദേശിക ഭരണകൂടങ്ങളുടെ ജനപ്രതിനിധികകളും പങ്കെടുക്കും. മികവിന്റെ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഏറ്റവും വിപുലമായ രീതിയില്‍ നടത്തുവാനുള്ള സ്വാഗതസംഘ യോഗങ്ങള്‍ പൂര്‍ത്തിയായി.

പ്ലാന്‍ ഫണ്ടില്‍ നിന്നും ജില്ലയില്‍ കെട്ടിടനിര്‍മാണത്തിന് തുക അനുവദിച്ച ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വെട്ടിപ്പുറം (ഒരു കോടി 24 ലക്ഷം), ജിഎല്‍പി സ്‌കൂള്‍ അയിരൂര്‍ (ഒരു കോടി), എന്നിവിടങ്ങളിലെ തറക്കല്ലിടീലും 18 ന് രാവിലെ 10 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയില്‍ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ഹരിദാസും പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോടും അറിയിച്ചു.