Trending Now

തിരുവല്ല ബൈപ്പാസ് നാടിന്  സമര്‍പ്പിച്ചു

 

പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തി: മന്ത്രി ജി. സുധാകരന്‍

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് നീതി പുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇതിനു വിപരീതമായി മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിക്കുകയും നടപടികള്‍ സ്വീകരിച്ച് അവരെ തിരുത്തുകയും ചെയ്തുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവല്ല രാമന്‍ചിറ ജംഗ്ഷന് സമീപം നടന്ന ചടങ്ങില്‍ തിരുവല്ല ബൈപാസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസനം നടപ്പാക്കാന്‍ ഏതു സര്‍ക്കാരിനും സാധിക്കും, എന്നാല്‍, മുന്‍കാലങ്ങളില്‍ എന്തുകൊണ്ട് അത് നടത്താന്‍ പറ്റിയില്ലെന്നതാണ് പരിശോധിക്കേണ്ടത്. വികസനം നടത്താന്‍ ഒരവസരം കിട്ടിയാല്‍ അത് ചെയ്തിരിക്കണം. എല്ലാവര്‍ക്കും ഇതൊരു പാഠമാണ്.
കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ്, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുടങ്ങി കൊല്ലം മുതല്‍ കൊച്ചി വരെയുള്ള 150 കിലോമീറ്ററില്‍ പണിത നാലു മേജര്‍ പാലങ്ങളും നിര്‍മിച്ചത് കേരളത്തിലെ പിഡബ്ല്യൂഡി എന്‍ജിനിയര്‍മാരാണ്. തിരുവല്ല ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയത് കെഎസ്ടിപിയാണ്. 54 ശതമാനം സംസ്ഥാനത്തിന്റെ വിഹിതമാണ്. 46 ശതമാനം മാത്രമാണ് ലോകബാങ്കിന്റെ വിഹിതം. ഇതു രണ്ടും ചേര്‍ത്താണ് ബൈപാസ് യാഥാര്‍ഥ്യമാക്കിയത്. രണ്ടു മാസത്തിനുള്ളില്‍ പാലാരിവട്ടം മേല്‍പാലവും യാഥാര്‍ഥ്യമാകും. ചരിത്രപ്രസിദ്ധി ഏറെയുള്ള തിരുവല്ലയ്ക്ക് അര്‍ഹമായ വികസന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതിനായി പരിശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവല്ലയിലെ മുഴുവന്‍ ജനങ്ങളുടെയും വലിയ ആവശ്യമായിരുന്ന തിരുവല്ല ബൈപാസ് ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായിരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷനായ മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. ഇതിനായി മുന്നില്‍ നിന്നു രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. എംസി റോഡിലെ ഒരു ബൈപാസ് മാത്രമല്ല തിരുവല്ല ബൈപാസ്, നിരവധി റോഡുകളിലേക്ക് കടന്നു പോകാന്‍ പറ്റുന്ന റോഡാണിത്. തിരുവല്ലയോട് ചേര്‍ന്ന് നിരവധി റോഡുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു. ഇടിഞ്ഞില്ലം – കാവുംഭാഗം റോഡ്, മുത്തൂര്‍ – ചുമത്ര റോഡ്, ചങ്ങനാശേരി – തോട്ടഭാഗം റോഡ്, കാവുംഭാഗം – തുകലശേരി, കറ്റോട് – തിരുമൂലപുരം റോഡ്, പൊടിയാടി – തിരുവല്ല റോഡ് തുടങ്ങി നിരവധി റോഡുകള്‍ യാഥാര്‍ഥ്യമാവുകയാണ്. ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

ആന്റോ ആന്റണി എംപി, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍, കേരള ഷോപ്പ്സ് ആന്‍ഡ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍, നഗരസഭ കൗണ്‍സിലര്‍മാരായ അനു ജോര്‍ജ്, മാത്യൂസ് ചാലക്കുഴി, ജിജി വട്ടശേരി, മുന്‍ എംഎല്‍എ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അലക്സ് കണ്ണമല, എന്‍.എം. രാജു, വിക്ടര്‍ ടി തോമസ്, കരിമ്പനാംകുഴി ശശിധരന്‍ നായര്‍, അഡ്വ. കെ. പ്രകാശ് ബാബു, അഡ്വ. ആര്‍. സനല്‍കുമാര്‍, അഡ്വ. കെ.ജി. രതീഷ് കുമാര്‍, ചെറിയാന്‍ പോളച്ചിറക്കല്‍, പ്രൊഫ. അലക്സാണ്ടര്‍ കെ. സാമുവേല്‍,
ബാബു പറയത്തുകാട്ടില്‍, കെഎസ്ടിപി ചീഫ് എന്‍ജിനിയര്‍ ഡാര്‍ലിന്‍ സി. ഡിക്രൂസ്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എന്‍. ബിന്ദു, മൂവാറ്റുപുഴ ഡിവിഷന്‍ കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സിനി മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!